TAGS

മകനെ ജാമ്യത്തിലിറക്കാൻ സഹായിക്കാത്തതിന് അച്ഛൻ സിപിഐ പ്രാദേശിക നേതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു. കൊല്ലം കുളത്തൂപ്പുഴയിലാണ് ആക്രമണമുണ്ടായത്. പ്രതിയായ കുളത്തൂപ്പുഴ സാംനഗർ സ്വദേശി ഷാജിയെ പൊലീസ് അറസ്റ്റു ചെയ്തു

 

ആധാരമെഴുത്ത് ജോലിയിൽ ഏർപ്പെട്ടിരുന്ന സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സാംനഗർ സ്വദേശി പി.ജെ.രാജുവിനാണ് കുത്തേറ്റത്. പ്രതി സാംനഗർ നിഷാമൻസിലിൽ എം.ഷാജിയെ പൊലീസ് അറസ്റ്റു ചെയ്തു. രാജുവിന്റെ വയറിന്റെ വലതുവശത്തും ഇടതുകൈക്കുമാണ് പരുക്കേറ്റത്. ശബ്ദംകേട്ട് സമീപത്തെ കടകളിലുണ്ടായിരുന്നവർ ഓടിയെത്തി ഷാജിയെ തടഞ്ഞു. പരുക്കേറ്റ രാജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

ഷാജിയുടെ മകൻ മുഹമ്മദ് ഷാഹുലും കൂട്ടാളികളും കഴിഞ്ഞ ചൊവ്വാഴ്ച പൊതുനിരത്തിൽ പരസ്യമായി മദ്യപിക്കുകയും ഇത് ചോദ്യംചെയ്തതിന് നാട്ടുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു. കേസിൽ റിമാന്‍ഡിലായ മകനെ ജാമ്യത്തിലിറക്കാന്‍ പി.ജെ.രാജു സഹായിച്ചില്ലെന്ന വിരോധമാണ് ഷാജിയുടെ ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു.