കൊലക്കേസ്: എം.പിയുടെ അറസ്റ്റ് അരികെ; സ്റ്റാലിന്‍ പ്രതിരോധത്തിൽ

കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.പിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ലോക്സഭാ സെക്രട്ടറിയുടെ അനുമതി തേടിയതോടെ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെയും കടുത്ത പ്രതിരോധത്തില്‍‍. കടലൂര്‍ എം.പി, ടി.ആര്‍.വി.എസ്. രമേശിനെയാണു ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം പ്രതിചേര്‍ത്തത്. അറസ്റ്റ് ഉറപ്പായതോടെ എം.പി.ഒളിവില്‍ പോയി.

കടലൂരിലെ പ്രമുഖ ഡി.എം.കെ. നേതാവും എം.പിയുമാണു ടി.ആര്‍.വി.എസ് രമേശ്. ഇയാളുടെ ഉടമസ്ഥതയിലുള്ള പന്‍റുട്ടിയെന്ന സ്ഥലത്തെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളി ഗോവിന്ദാരസിനെ കഴിഞ്ഞ 20 നാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. മുഖത്തും കഴുത്തിലും സാരമായി പരുക്കേറ്റ നിലയില്‍ ഫാക്ടറിക്ക് അകത്തായിരുന്നു മൃതദേഹം. കശുവണ്ടി പരിപ്പ് മോഷ്ടിച്ചെന്നാരോപിച്ച് ഗോവിന്ദാരസിനെ എം.പിയും സഹത്തൊഴിലാളികളും ക്രൂരമായി മര്‍ദിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മരണം. 

മരണത്തില്‍ സംശയമുണ്ടെന്നാരോപിച്ചു കുടുംബം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് സി.ബി.സി.ഐ.ഡിക്കു കൈമാറിയ കോടതി പുതുച്ചേരിയിലെ ജിപ്്മെറില്‍ പോസ്റ്റ് മോര്‍ട്ടം നടത്താനും ഉത്തരവിട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നു വ്യക്തമായതിനു പിന്നാലെ വ്യാഴാഴ്ച 5 പേര്‍ അറസ്റ്റിലായി. കേസില്‍ എം.പി രമേശിനെയും പ്രതി ചേര്‍ത്തു. ഇക്കാര്യം അറിയിച്ചു ലോക്സഭാ സെക്രട്ടറിക്കു വെള്ളിയാഴ്ച അന്വേഷണസംഘം കത്തുനല്‍കി.ഇതോടെ രമേശ് ഒളിവില്‍പോയി.ഡി.എം.കെ പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം

രമേശിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  പാട്ടാളിമക്കള്‍  കക്ഷിസമരം തുടങ്ങി.അതേ സമയം ലോക്സഭാ സെക്രട്ടറിയുടെ അനുമതി ലഭിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.