കൈവശം പത്തു ലക്ഷത്തോളം രൂപ വില വരുന്ന മാരക ലഹരി മരുന്ന്; മൂന്ന് പേർ പിടിയിൽ

വയനാട് ബാവലി ചെക്പോസ്റ്റിൽ മാരക ലഹരിമരുന്നുമായി  മൂന്ന് പേർ പിടിയിൽ. വിപണിയില്‍ പത്തു ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ‍് ചെയ്തു. 

കർണാടക അതിർത്തിയായ വയനാട്ടിലെ ബാവലി ചെക്പോസ്റ്റിൽ മാനന്തവാടി എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ എം. യദുകൃഷ്ണന്‍, എസ്.എൻ.ശ്രുതി, കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി പി.ടി നൗഷാദ് എന്നിവരാണ് നൂറുഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. 25 വയസ്സ് പ്രായമുള്ള യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരാണെന്ന് എക്സൈസ് അറിയിച്ചു.

ബെംഗളൂരുവിൽ നിന്നാണ് സംഘം ലഹരിമരുന്ന് കൊണ്ടു വന്നത്. കാറിന്‍റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. ഇവർ സഞ്ചരിച്ച വാഹനം എക്സൈസ് കസ്റ്റഡിയിലെടുത്ത് പിടിയിലായ പ്രതികൾക്ക്  ലഹരിമാഫിയ ബന്ധമുണ്ടോയെന്നും  അന്വേഷിക്കുന്നുണ്ട്. സമീപകാല ലഹരിക്കടത്തു കേസുകളുടെ പശ്ചാത്തലത്തിൽ ബാവലി ചെക്പോസ്റ്റിലെ ലഹരിമരുന്ന് വേട്ടയിൽ സമഗ്ര അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.