മുൻവൈരാഗ്യം; ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നു പരാതി

ഇടുക്കി നെടുങ്കണ്ടത്ത് മുൻവൈരാഗ്യത്തെ തുടർന്നു ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. മാവടി സ്വദേശി ധനപാലനാണ് കുത്തേറ്റത്. അയല്‍ക്കാരനായ സന്തോഷിനെ പൊലീസ് പിടികൂടി. 

മാവടി സ്വദേശി ധനപാലനും അയല്‍ക്കാരനും സുഹൃത്തുമായ സന്തോഷും തമ്മില്‍ കാലങ്ങളായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ധനപാലന് കുത്തേറ്റത്. കഴിഞ്ഞ ദിവസും ഈ സ്ഥലത്ത് വച്ച് ഇരുവരും തമ്മില്‍ പഴയ പ്രശ്നങ്ങള്‍ പറഞ്ഞ് കയര്‍ത്തു. നാട്ടുകാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെങ്കിലും ഇരുവരും വീണ്ടും ഏറ്റുമുട്ടി.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിന് സമീപത്ത് നിന്ന് സന്തോഷ് പിടിയിലായത്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കും. പരുക്കേറ്റ ധനപാലന്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.