വാളയാർ ചെക് പോസ്റ്റിൽ വിജിലന്‍സ് റെയ്ഡ്; 1,70,000 രൂപ പിടിക്കൂടി

പാലക്കാട് വാളയാർ ആർ.ടി.ഒ ചെക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ എ.എം.വി.ഐ ഏജന്റിന് കൈമാറിയ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ പിടികൂടി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത വിജിലൻസ് സംഘം ഏജന്റ് മോഹന സുന്ദരത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. മരുന്ന് കവറെന്ന് വിശ്വസിപ്പിച്ച് പത്ത് ദിവസം മുൻപ് മോട്ടോർ വാഹന വകുപ്പ് ലോറി ഡ്രൈവറുടെ കൈയ്യിൽ കൊടുത്തുവിട്ട അരലക്ഷം രൂപ പൊലീസ് പിടികൂടിയതിന് പിന്നാലെ വാളയാറിൽ വിജിലൻസ് നിരീക്ഷണം കൂട്ടിയിരുന്നു.   

കൈമടക്കിനും പിരിവിനും കോവിഡ് യാതൊരു തടസവും തീർത്തിട്ടില്ലെന്ന വിവരങ്ങളാണ് വാളയാറിൽ നിന്ന് വരുന്നത്. നൂറും ഇരുന്നൂറും വാങ്ങുന്നതിന് പകരം ഡ്രൈവർമാർ അഞ്ഞൂറ് നൽകണം. പിരിച്ച പണം വീതം വയ്ക്കാൻ പാകത്തിലാകുമ്പോൾ ഏജന്റ് എത്തി കവർ വാങ്ങി നഗരത്തിലുള്ള ഉദ്യോഗസ്ഥർക്ക് കൈമാറും. കഴിഞ്ഞദിവസങ്ങളിൽ വിജിലൻസിന്റെ നിരീക്ഷണത്തിലൂടെ കൈമടക്കിന്റെ വഴിയെക്കുറിച്ച് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞു. ശേഖരിക്കുന്ന പണം ഇടവേളകളിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതാണ് ഉദ്യോഗസ്ഥരുടെ ശൈലി. കോയമ്പത്തൂരിൽ നിന്ന് ബോട്ടിൽ കയറ്റിയ ലോറിയുമായെത്തിയ മോഹന സുന്ദരത്തിന്റെ കൈവശം എ.എം.വി.ഐ ഒരു ലക്ഷത്തി എഴുപതിനായിരം രൂപയുടെ കവർ കൈമാറുന്നതിനിടെയാണ് പിടിവീണത്.

അന്വേഷണത്തിൽ മോഹന സുന്ദരം ഉദ്യോഗസ്ഥരുടെ ഏജന്റാണെന്ന് വ്യക്തമായി. കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇരുപത്തിനാല് മണിക്കൂറിനിടെ വാളയാർ മോട്ടോർ വാഹന ചെക്പോസ്റ്റ് വഴി സർക്കാരിന് ലഭിക്കുന്ന വരുമാനം രണ്ടര ലക്ഷം മാത്രമാണ്. എന്നാൽ ആറ് മണിക്കൂറിനിടെ ഉദ്യോഗസ്ഥർ പിരിച്ചത് ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം രൂപയെന്നും വിജിലൻസ് അറിയിച്ചു. ഇൻസ്പെക്ടർ കെ.എം. പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്ത് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. പത്ത് ദിവസം മുൻപ് മരുന്നെന്ന് വിശ്വസിപ്പിച്ച് അര ലക്ഷം രൂപ ലോറി ഡ്രൈവറുടെ കൈവശം കൊടുത്തുവിട്ടതും ഉദ്യോഗസ്ഥരുടെ കൈയ്യിലെത്തുന്നതിന് മുൻപ് പൊലീസ് പിടികൂടിയ കാര്യങ്ങളും രേഖപ്പെടുത്തും. മൂന്ന് വർഷം മുൻപ് വാളയാറിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം ഇതുവരെ നടപ്പായിട്ടില്ല. പകരമായി പുറത്ത് നിന്നുള്ളവരുടെ നീക്കം മനസിലാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വയം രഹസ്യ ക്യാമറ സ്ഥാപിച്ചുവെന്നതാണ് യാഥാർഥ്യം. ഇക്കാര്യവും വിജിലൻസ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.