ആള്‍മാറാട്ടം നടത്തി കൊച്ചിയില്‍ തങ്ങി; അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍

ആള്‍മാറാട്ടം നടത്തി കൊച്ചിയില്‍ തങ്ങിയ അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍.  കപ്പല്‍നിര്‍മാണശാലയില്‍ പുറംകരാര്‍ ജോലിക്കാരന്റെ സഹായിയായി ജോലി ചെയ്ത കാബൂള്‍ സ്വദേശിയെയാണ് തേവര പൊലീസ് അറസ്റ്റ് ചെയ്തത്.  അസംകാരനായ അബ്ബാസ് ഖാനെന്നയാളുടെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.    

  

സ്വകാര്യ കരാര്‍ ഏജന്‍സിയുടെ ജോലിക്കാരനായി ഒരു മാസം മുന്‍പാണ് അഫ്ഗാന്‍ സ്വദേശി കപ്പല്‍ശാലയിലെത്തിയത്. ഇയാളുടെ പെരുമാറ്റവും ഫോണ്‍ സംഭാഷണങ്ങളും കൂടെ ജോലി ചെയ്യുന്നവരുടെ സംശയത്തിന് ഇടയാക്കി. ഒടുവില്‍ തിരിച്ചറിയല്‍കാര്‍ഡ് വ്യാജമാണെന്ന് തെളിഞ്ഞതോടെ കപ്പല്‍ശാല അധിക‍‍ൃതരെ വിവരമറിയിച്ചു. 

കപ്പല്‍ശാലയുടെ പരാതിയില്‍ കേസെടുത്ത തേവര പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ കൊച്ചിയില്‍ നിന്ന് മുങ്ങി. ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ കൊല്‍ക്കത്തയില്‍ നിന്നാണ് പിടികൂടിയത്. 

അസം സ്വദേശിയായ അബ്ബാസ് ഖാനെന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഉപയോഗിച്ചത്. നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയ ശേഷം സ്കൂള്‍ സര്‍ട്ടിഫിക്കറ്റടക്കമുള്ള രേഖകള്‍ വ്യാജമായി നിര്‍മിക്കുകയായിരുന്നു. ഇയാളുടെ ബന്ധുക്കളും കപ്പല്‍ശാലയില്‍ ജോലി ചെയ്തതായി സൂചനയുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.