ഗൃഹനാഥനെ കൊന്ന് ചാണകക്കുഴിയില്‍ മൂടിയ കേസ്: ചുരുളഴിഞ്ഞത് നാടകീയമായി

കടംവാങ്ങിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കൊല്ലം ഓയൂരില്‍ ഗൃഹനാഥനെ കൊന്ന് ചാണകക്കുഴിയില്‍ മൂടിയ കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് നാടകീയമായാണ്.

സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കഴിഞ്ഞ മാസം 31നാണ് കരിങ്ങന്നൂർ സ്വദേശി മുഹമ്മദ് ഹാഷിം വീട്ടില്‍ നിന്നു ഇറങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങി എത്താത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ബന്ധുക്കള്‍ പൊലീസില്‍ പരാതി നൽകി. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ മുഹമ്മദ് ഹാഷിം അവസാനം എത്തിയത്  സുഹൃത്തും ബന്ധുവുമായ ആറ്റൂർകോണം സ്വദേശി ഷറഫുദീന്റെ വീട്ടിലാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ മുഹമ്മദ് ഹാഷിമിനെ കൊന്ന് ചാണക്കുഴിയില്‍ തള്ളിയെന്ന് ഷറഫുദീന്‍ സമ്മതിച്ചു. കൂട്ടാളിയായ കടയ്ക്കൽ നിന്നുള്ള നിസാമിനെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ഹാഷിമും ഷറഫുദീനും ഒരുമിച്ചാണ് സൗദിയിൽ ജോലി ചെയ്തിരുന്നത്. അവിടെവച്ച് ഹാഷിമിന്റെ കയ്യിൽ നിന്ന് ഷറഫുദ്ദീന്‍ 20,000 രൂപ  കടം വാങ്ങി.കോവിഡിനെ തുടര്‍ന്ന് ഇരുവരും നാട്ടിലേക്ക് മടങ്ങി. പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് വഴക്ക് പതിവായിരുന്നു. മദ്യം നല്‍‍കാമെന്ന് പറഞ്ഞ് മുഹമ്മദ് ഹാഷിമിനെ ഷറഫുദ്ദീന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി. മദ്യലഹരിയിൽ തളർന്നു കിടന്ന ഹാഷിമിനെ വെട്ടുകത്തി ഉപയോഗിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു സമീപത്തെ ചാണകക്കുഴിയിൽ കുഴിച്ചിടുകയായിരുന്നു.