കമ്പംമേട്ടിൽ കള്ളനോട്ടുമായി എത്തിയ ആറംഗ സംഘം പിടിയിൽ

ഇടുക്കി കമ്പംമേട്ടിൽ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി എത്തിയ ആറംഗ സംഘം പിടിയിൽ. പുതിയ 100 രൂപ നോട്ടിന്റെ  30 കെട്ടുകളാണ് പിടിച്ചെടുത്തത്.  കമ്പംമെട്ട് പൊലീസ് തന്ത്രപരമായാണ്  അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ സംഘത്തെ  പിടികൂടിയത്. 

തമിഴ്നാട്ടിൽ നിന്നും കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ച് ജില്ലാ പൊലീസിന്  സൂചന ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് കുറ്റവാളികളെ പിടികൂടുവാനായ് ഓപറേഷൻ ഫേക്ക് നോട്ട് പദ്ധതി ആവിഷ്കരിച്ച് കള്ളനോട്ട് സംഘത്തിന്റെ  ഇടനിലക്കാരനുമായി പൊലീസ് ബന്ധം സ്ഥാപിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പ്  മാഫിയ  സംഘം 3 ലക്ഷം രൂപ നൽകിയാൽ 6 ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിക്കാമെന്ന് അറിയിച്ചു. അങ്ങനെ പൊലീസ് സംഘം 1.5 ലക്ഷം രൂപ നൽകാമെന്ന് കള്ളനോട്ട് സംഘത്തെ അറിയിച്ചു. പണം കൈമാറാനെത്തിയപ്പോഴാണ് ആറംഗം സംഘം പിടിയിലായത്. കോയമ്പത്തൂർ സ്വദേശിയായ ചുരളി, ചിന്നമന്നൂർ മഹാരാജൻ, കുമളി സ്വദേശി സെബാസ്ത്യൻ, കമ്പം സ്വദേശി മണിയപ്പൻ, വീരപാണ്ടി സ്വദേശി പാണ്ടി, ഉത്തമപാളയം സ്വദേശി സുബയ്യൻ എന്നിവരാണ് പിടിയിലായത്.

പ്രതികൾ പല തവണ പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചു. വിൽപനക്കെത്തിച്ച പൂക്കളുടെ ഇടയിലാണ് കള്ളനോട്ട് ഒളിപ്പിച്ചതെന്ന് സംഘം പൊലീസിനെ അറിയിച്ചു. തിരച്ചിൽ നടത്തിയെങ്കിലും പണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇവർ സഞ്ചരിച്ച വാഹനത്തിന്റെ  മുകൾഭാഗത്തെ രഹസ്യ അറയിൽ നിന്ന് 1 ലക്ഷം രൂപ കണ്ടെത്തി. ഇവരോടൊപ്പം എത്തിയ 2 പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് 2 ലക്ഷം രൂപയും പിടിച്ചെടുത്തു. കള്ളനോട്ട് കടത്താൻ ഉപയോഗിച്ച 2 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.