ആയിരം കോടി ലഹരിമരുന്ന് കടത്തിയ കേസ്; ശ്രീലങ്കൻ മാഫിയ തലവന്‍ അറസ്റ്റില്‍

തൂത്തുക്കുടി കടലില്‍ ആയിരം കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ ശ്രീലങ്കന്‌‍‍ ലഹരി മരുന്നു മാഫിയ തലവന്‍  അറസ്റ്റില്‍. ചെന്നൈയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണു ശ്രീലങ്കന്‍ സ്വദേശിയും ഇന്റര്‍പോള്‍ തിരയുന്നയാളുമായി  നവാസിനെയും സഹായിയെയും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. കഴിഞ്ഞ നവംബറില്‍ കോസ്റ്റ് ഗാര്‍ഡ് കന്യാകുമാരിക്കു സമീപത്തുവച്ചു  98.5 കിലോ ഹെറോയിനുമായി മീന്‍പിടിത്ത കപ്പല്‍ പിടികൂടിയ കേസിലാണ് നിര്‍ണായക അറസ്റ്റ്. 

ശ്രീലങ്കന്‍ പൗരനായ എം.എം.എം. നവാസ് ,മുഹമ്മദ് അഫ്നാസ് എന്നിവരെയാണ് ഒളിസങ്കേതത്തില്‍ വച്ചു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ  പിടികൂടിയത്.  ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയതിനെ തുടര്‍ന്ന് സ്വന്തം രാജ്യത്തു നിന്നു വ്യാജ പാസ്പോര്‍ട്ടില്‍ ഇന്ത്യയിലേക്കു കടന്നതാണ് ഇയാള്‍. കഴിഞ്ഞ പത്തുവര്‍ഷമായി ചെന്നൈയിലെ കരപ്പാക്കത്തു കുടുംബസമേതമായിരുന്നു താമസം. ഇവിടെ നിന്നാണ് അഫ്ഗാനിസ്ഥിനില്‍ തുടങ്ങി ഓസ്ട്രേലിയ വരെ നീളുന്ന രാജ്യാന്തര ലഹരികടത്തു ചെങ്ങലയെ നിയന്ത്രിച്ചിരുന്നത്.  കഴിഞ്ഞ നവംബര്‍ 26 ന് കന്യാകുമരിയില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ ശ്രീലങ്കന്‍  മീന്‍പിടിത്ത ബോട്ട് ഒഴുകി നടക്കുന്നത് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെടുന്നതോടെയാണു വന്‍ ലഹരി കടത്തുസംഘത്തെകുറിച്ചു വിവരം ലഭിക്കുന്നത്. എന്‍ജിന്‍ നിലച്ചിരുന്ന ബോട്ടില്‍ ആറു പേരാണുണ്ടായിരുന്നത്. 

അകത്തു കയറി നടത്തിയ പരിശോധനയില്‍ 95.37 കിലോ ഹെറോയിന്ും 18.32  കിലോ ക്രിസ്റ്റല്‍ മെത്തലിനും , തോക്കുകള്‍ ,സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ പിടികൂടി. ബോട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതില്‍  നിന്നാണ് ചെന്നൈയിലെ അജ്ഞാത കേന്ദ്രത്തിലിരുന്നാണ് ലഹരി കടത്ത് നിയന്ത്രിക്കുന്നതെന്നു കണ്ടെത്തിയത്. തുടര്‍ന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ നീക്കത്തിലാണ്  ഇരുവരും അറസ്റ്റിലായത്. ഇവര്‍ക്കു പ്രാദേശിക സഹായം കിട്ടിയെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണം തുടരുകയാണ്.അഫ്ഗാനിസ്ഥാനില്‍ ഉല്‍പാദിപ്പിക്കുന്ന ലഹരിമരുന്നുകള്‍ ലാഹോറില്‍ നിന്ന് ബോട്ട് മാര്‍ഗം ബംഗാള്‍ ഉള്‍ക്കടിലില്‍ എത്തിച്ചു പിന്നീട് മീന്‍പിടിത്ത ബോട്ടുകളില്‍ ഓസ്ട്രേലിയയിലേക്കു കടത്തുന്നതാണ് സംഘത്തിന്റെ രീതി.ഈ മേഖലയില്‍  ഓസ്ട്രേലിയയ്ക്ക് അടുത്തവരെ പോയി മീന്‍പിടിത്തം നടത്തുന്ന നിരവധി സംഘങ്ങളുണ്ട്.ഇവയുടെ മറപിടിച്ചായിരുന്നു ലഹരികടത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്.