ജോലി തട്ടിപ്പ്: ‘തൃശൂരിലെ ജഡ്ജി’ കുട്ടനാട്ടിൽ ‘ഐഎഎസ് ഉദ്യോഗസ്ഥൻ’ ?

തൃശൂർ ജില്ലയിൽ സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് കുട്ടനാട്ടിൽ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പു നടത്തിയതായി സൂചന. മുട്ടാർ സ്വദേശിയായ യുവാവിന്റെ സഹായത്തോടെ തട്ടിപ്പു നടത്തിയെന്നാണു വിവരം. 25 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പു സംബന്ധിച്ചു പരാതി ഉയർന്നിട്ടുണ്ട്.  മുട്ടാർ, കാവാലം, ചക്കംപാക്ക, പുല്ലങ്ങടി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളിൽനിന്ന് അധ്യാപക നിയമനം, നേവി– ഫയർ ഫോഴ്സ് ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി പല തവണകളായാണ് പണം വാങ്ങിയത്.

പെരുമ്പാവൂർ സ്വദേശിയായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്നാണ് ഉദ്യോഗാർഥികളോടു പറഞ്ഞത്. അധ്യാപക ജോലിക്കായി 10 ലക്ഷം രൂപയും നേവിയിൽ ജോലിക്കായി 8 ലക്ഷവുമാണ് മുട്ടാർ സ്വദേശികളായ യുവാക്കൾ നൽകിയത്. കഴിഞ്ഞ ഒക്ടോബറിലാണ് അവസാന ഗഡു പണം വാങ്ങിയത്. നേവിയിൽ ജോലി വാങ്ങിനൽകാമെന്നു പറ‍ഞ്ഞതനുസരിച്ച്, പണം കൊ‌‌ടുത്ത യുവാവ് കൊച്ചി നേവൽ ബേസിൽ തിരക്കിയപ്പോൾ അങ്ങനെ ഒരു റാങ്ക് ലിസ്റ്റ് ഇല്ല എന്നറിഞ്ഞു. പണം നൽകാൻ ഇടനില നിന്നയാളെയും കൂട്ടി പെരുമ്പാവൂരിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകും