സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കും; കല്യാണം കഴിക്കാമെന്നു പറഞ്ഞ് കൊണ്ടു പോകും; തട്ടിപ്പ്

പഴയങ്ങാടി: വിവാഹ ബ്യൂറോ വഴി സ്ത്രീകളുടെ പേര് വിവരങ്ങളും മൊബൈൽ നമ്പറും ശേഖരിച്ച് കല്യാണതട്ടിപ്പ് നടത്തുന്ന  എറണാകുളം  നോർത്ത് പറവൂർ സ്വദേശി മടത്തിൽ പറമ്പിൽ ശ്രീജൻ(52) നെ പഴയങ്ങാടി എസ്ഐ ഇ.ജയചന്ദ്രൻ അറസ്റ്റ് ചെയ്തു. പഴയങ്ങാടി കുളവയലിൽ ഒരുസ്ത്രീയൊടൊപ്പം  നിയമപരമായി കല്യാണം കഴിക്കാതെ താമസിച്ച് വരികയായിരുന്ന ശ്രീജൻ  പഴയങ്ങാടിയിലെ ഒരു വിവാഹ ബ്യൂറോ വഴിയാണ്  വെങ്ങര സ്വദേശിനി പരിചയപ്പെടുന്നത്. 

ഒടുവിൽ കല്യണം കഴിക്കാം എന്ന് പറഞ്ഞ്  കൂട്ടിക്കൊണ്ടു പോവുകയും  പിന്നിട് സ്വർണവും പണവും കൈകലാക്കിയതിന് ശേഷം പയ്യൂന്നൂർ റെയിൽ വേസ്റ്റേഷനിൽ  വെങ്ങര സ്വദേശിനിയെ എത്തിച്ച്  ശ്രീജൻ കടന്ന് കളയുകയുമാണ് ഉണ്ടായത്.  വെങ്ങര സ്വദേശിനിയുടെ പരാതി പ്രകാരം  പഴയങ്ങാടി പൊലീസ് ഒരുക്കിയ ഫോൺസംഭാഷണ കെണിയിൽ പെടുത്തി മലപ്പുറത്ത് നിന്ന് കണ്ണൂരിലെത്തിച്ചായിരുന്നു നാടകീയമായ അറസ്റ്റ്  നടത്തിയത്.

പൊലീസിന് വേണ്ടി ഫോൺ സംഭാഷണം നടത്തിയ സ്ത്രീയോടും  സ്വർണവും പണവും കൊണ്ടുവരാൻ പറഞ്ഞുവത്രെ. പൊലീസ് അന്വേഷണത്തിൽ  മത്സ്യതൊഴിലാളിയായ ശ്രീജന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.  ലോക്കോപയലറ്റ് ജോലിയാണെന്ന് പറഞ്ഞാണ് പഴയങ്ങാടിയിലെ വിവാഹ ബ്യൂറോവിൽ ശ്രീജൻ  റജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.