ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരണം; കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കാഞ്ഞിരപ്പള്ളിക്കാരൻ ഷെഫീഖ് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ച കേസ് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡി മരണമെന്ന് ആക്ഷേപമുയർന്ന പഞ്ചാത്തലത്തിലാണ് നടപടി.

സാമ്പത്തിക തട്ടിപ്പു കേസിൽ ഷെഫീഖിനെ അറസ്റ്റ് ചെയ്ത ഉദയംപേരൂർ പൊലീസ് മർദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഷെഫീഖിന്റെ തലയ്ക്ക് ക്ഷതമേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തലയ്ക്ക് ക്ഷതമേറ്റത് എങ്ങിനെയെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. ഷെഫീഖിനെ താമസിപ്പിച്ചിരുന്ന ജയിൽ വകുപ്പിന്റെ കാക്കനാട് ബോസ്റ്റൽ സ്കൂൾ കോവിഡ് സെന്ററിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. അപസ്മാരമുണ്ടായി വീഴുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. 

പിന്നിലേക്ക് മലർന്നടിച്ച് വീഴുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് വിവരം. ഈ വീഴ്ചയിൽ പരുക്കേറ്റിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിനിടെ ജയിൽ വകുപ്പ് നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്. മധ്യമേഖല ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ ഷെഫീഖിനെ ചികിൽസിച്ച ആശുപത്രികളിലും പരിശോധന നടത്തിയ ശേഷം അടുത്ത ദിവസം റിപ്പോർട്ട് സമർപ്പിക്കും.