അന്തര്‍സംസ്ഥാനവാഹനമോഷണസംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിൽ

അന്തര്‍സംസ്ഥാനവാഹനമോഷണസംഘത്തിലെ മൂന്നുപേര്‍  ആലപ്പുഴയില്‍ അറസ്റ്റിലായി. ടിപ്പര്‍ ലോറികള്‍ മാത്രം മോഷ്ടിച്ച് വില്‍പന നടത്തുന്ന പട്ടാമ്പി വിനോദ് ,  സുനീര്‍ , മഹിലാല്‍ എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് പിടികൂടിയത്. 

ഡിസംബര്‍ 28 ന് സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷണം പോയ ടിപ്പര്‍ ലോറിയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നംഗംസംഘം കുടങ്ങിയത്. ടിപ്പര്‍ മറയൂരില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മഹിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ വാഹനമോഷണത്തിന്‍റെ ചുരുളഴിഞ്ഞു. സുഹൃത്തുക്കളായ പട്ടാമ്പി വിനോദ് സ സുനീര്‍ എന്നിവരുടെ പങ്കാളിത്തവും മഹിലാല്‍ വെളിപ്പെടുത്തി.  കമ്പത്ത ്കൊണ്ടുപോയി ലോറി വില്‍ക്കാനായിരുന്നു സംഘത്തിന്‍റെ പദ്ധതി.  ആലപ്പുഴയില്‍ നിന്ന് മാത്രം നാല് ടിപ്പര്‍ ലോറികള്‍ പ്രതികള്‍ മോഷ്ടിച്ചിട്ടുണ്ട്. പാലക്കാട് പട്ടാമ്പിയിലെത്തിച്ച്  മണല്‍കടത്ത് സംഘത്തിന് വില്‍ക്കുന്നതാണ് രീതി.

സുനീറിനും വിനോദിനും എതിരെ വിവിധ സ്റ്റേഷനുകളില്‍ മോഷണക്കുറ്റത്തിന് കേസുകളുണ്ട്. മണല്‍ കടത്തിന് ഉപയോഗിക്കുന്ന  ലോറികള്‍ക്ക് രേഖകള്‍ ആവശ്യമില്ലാത്തതാണ് പ്രതികള്‍ക്ക് സഹായമായത്. അവസാനം മോഷ്ടിച്ച ലോറി മണല്‍കടത്തിന് അനുയോജ്യമല്ലാതായതോടെയാണ് കമ്പത്ത് കൊണ്ടുപോയി വില്‍പന നടത്താനുള്ള ശ്രമം നടത്തിയത്