12–കാരിക്ക് ഒരാഴ്ചയ്ക്കിടെ രണ്ട് വിവാഹം; ആദ്യം താലികെട്ടിയത് അമ്മാവൻ; രക്ഷപ്പെടുത്തി

ഒരാഴ്ചയ്ക്കിടെ 12–കാരിയെക്കൊണ്ട് രണ്ടാം വിവാഹം ചെയ്യിക്കാനൊരുങ്ങി വീട്ടുകാർ. പൊലീസും ശിശുക്ഷേമ വകുപ്പും കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട് വിവാഹം മുടങ്ങി. ജാർഖണ്ഡിലാണ് സംഭവം. 

പെൺകുട്ടിയുടെ അമ്മാവന്റെ വീട്ടിൽ താമസത്തിന് പോയപ്പോഴാണ് ആദ്യ വിവാഹം. അമ്മാവൻ തന്നെയാണ് കഴുത്തിൽ താലി കെട്ടിയത്. ഇതറിഞ്ഞ വീട്ടുകാർ പെൺകുട്ടിയുടെ വിവാഹം 17–കാരനുമായി എത്രയും വേഗം നടത്താൻ തീരുമാനിച്ചു.

'മാതാപിതാക്കളുടെ ഇഷ്ടപ്രകാരമാണ് ഈ വിവാഹം നടത്തുന്നത്. അച്ഛന്‍റെ ഇഷ്ടത്തിനനുസരിച്ച് വിവാഹം നടത്തുമെന്ന് പറഞ്ഞു. വരനെക്കുറിച്ച് ഒന്നും അറിയില്ല. നാലാം ക്ലാസിലാണ് പഠിക്കുന്നത്'. പെൺകുട്ടി പൊലീസിനോട് പറഞ്ഞ വാക്കുകൾ.

'എനിക്ക് വിവാഹം കഴിക്കേണ്ട. എന്റെ സഹോദരീഭര്‍ത്താവാണ് എന്നെ ഇവിടെ എത്തിച്ചത്. വിവാഹം കഴിഞ്ഞാൽ ജീവിതം കുറച്ചുകൂടി നന്നാകുമെന്ന് പറഞ്ഞു'. വിവാഹം ചെയ്യാനെത്തിയ 17–കാരൻ പറയുന്നത് ഇങ്ങനെയും. 

'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തുന്നുവെന്ന് വിവരം ലഭിച്ചു. ഉടനെ തന്നെ സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. പൊലീസും ഒപ്പമുണ്ടായിരുന്നു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി'. ശിശുക്ഷേമ വകുപ്പ് പ്രസിഡന്റ് മുന്ന പാണ്ഡെ പറയുന്നു.