ആദിവാസി പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തി; നടപടി ആവശ്യപ്പെട്ട് ചൈല്‍ഡ് ലൈന്‍

ഇടുക്കി മാങ്കുളം പഞ്ചായത്തിലെ ആദിവാസി കോളനിയില്‍  ആദിവാസി പെണ്‍കുട്ടിയെ ശൈശവ വിവാഹം കഴിച്ച് നല്‍കിയതായി പരാതി. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി.

മാങ്കുളം  ശേവല്‍കുടി ആദിവാസി കോളനിയിലെ പതിനാറ്കാരിയായ പെണ്‍കുട്ടിയെയാണ്  വിവാഹം ചെയ്തു നൽകിയത്. പഞ്ചായത്തിലെ തന്നെ സിങ്ക്കുടി ആദിവാസി കോളനി സ്വദേശിയായ യുവാവുമായിട്ടായിരുന്നു  വിവാഹം. ഗോത്ര ആചാരപ്രകാരമായിരുന്നു  വിവാഹം . ബന്ധുക്കളുടെ അറിവോടെ യുവാവും പെണ്‍കുട്ടിയും താമസിച്ചു വരികെ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും മൂന്നാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കോളനിയിലെത്തി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. കേസ് രജിസ്റ്റര്‍ ചെയ്തതായി മൂന്നാര്‍ ഡിവൈഎസ്പി അറിയിച്ചു