പാഴ്സല്‍ വഴി ലഹരികടത്ത്; മിന്നൽ പരിശോധന‌യുമായി എക്സൈസ‌്

പാഴ്സല്‍ വഴിയുള്ള ലഹരികടത്ത് തടയാന്‍ പ്രത്യേക പരിശോധന സംഘടിപ്പിച്ച് എക്സൈസ് വകുപ്പ്. വിവിധ പാഴ്സല്‍ ഏജന്‍സികളുടെ ഓഫിസിലെത്തി പരിശോധനയും ബോധവല്‍ക്കരണ നടപടികളും തുടങ്ങി. രാത്രിയും പകലും പ്രത്യേക സംഘമായി തിരിഞ്ഞ് പരിശോധന നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ലഹരികടത്ത് തടയാന്‍ പരിശോധന വിപുലമാക്കിയതിനാല്‍ ചിലര്‍ കുറുക്ക് വഴികള്‍ തേടുകയാണ്. ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ പാഴ്സല്‍ സര്‍വീസ് വഴിയുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്. കടലാസില്‍ േരഖപ്പെടുത്തിയിരിക്കുന്ന സാധനങ്ങളല്ല പലരും പാഴ്സല്‍ വഴി കടത്തിവിടുന്നത്. രേഖകളിലുള്ളതില്‍ നിന്ന് വ്യത്യസ്തമായ സാധനങ്ങളാണ് കടത്തുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാഴ്സല്‍ സര്‍വീസ് കേന്ദ്രങ്ങളില്‍ എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. പലരും ഉപഭോക്താക്കള്‍ കൊണ്ടുവരുന്ന കവറുകള്‍ അതേമട്ടില്‍ മറ്റിടങ്ങളിലേക്ക് അയക്കുന്നതാണ് പതിവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉള്ളിലുള്ളത് എന്താണെന്ന് ഉറപ്പാക്കി പാഴ്സലുകള്‍ അയക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ നിരീക്ഷണം ഉറപ്പാക്കുന്നതിനാണ് എക്സൈസ് തീരുമാനം.

സിന്തറ്റിക് ലഹരിവസ്തുക്കളാണ് പാഴ്സല്‍ വഴി കൂടുതലായി കടത്തുന്നതെന്നാണ് വിവരം. അടുത്തിടെ ലഹരികടത്തിന് പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ ചില പാഴ്സല്‍ സര്‍വീസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എക്സൈസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.