കേസ് നടത്തിപ്പിന് സഹായിക്കാമെന്ന് വാഗ്ദാനം; രേഖകളും പണവും തട്ടി

മകളുടെ ഭര്‍ത്താവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയ ആള്‍ വയോധികയുെട കൈയ്യില്‍ നിന്ന് അരലക്ഷത്തിലധികം രൂപയും വിലപ്പെട്ട രേഖകളും തട്ടിയെടുത്തതായി പരാതി. ലോകായുക്തയില്‍ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച കോഴിക്കോട് ഉള്ള്യേരിക്കാരനെതിരെ കൂടരഞ്ഞി സ്വദേശിനി മേരി തുണ്ടത്തില്‍ അത്തോളി പൊലീസില്‍ പരാതി നല്‍കി.  

മനുഷ്യാവകാശ കമ്മിഷന്റെ കോഴിക്കോട് സിറ്റിങിനിടെയാണ് ലോകായുക്തയില്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഉള്ള്യേരി സ്വദേശി പരിചയപ്പെട്ടത്. കേസിന്റെ തുടര്‍നടത്തിപ്പില്‍ സഹായിക്കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് വാക്ക് മാറ്റിയെന്നും അരലക്ഷത്തിലധികം രൂപയും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തട്ടിയെടുത്തെന്നുമാണ് മേരി അത്തോളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.  

2016 മാര്‍ച്ച് ഇരുപത്തി ഏഴിനാണ് മേരിയുടെ മകളുടെ ഭര്‍ത്താവ് ആനക്കാംപൊയില്‍ സ്വദേശി ബിജു തോമസിന്റെ ദുരൂഹമരണം. ബിജുവിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമില്‍ ഷോക്കേറ്റ് മരിച്ചനിലയിലായിരുന്നു കണ്ടെത്തിയത്. ഫാമിലെ സോളര്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റെന്നായിരുന്നു തിരുവമ്പാടി പൊലീസ് കണ്ടെത്തിയത്. 

പക്ഷേ എഫ്.ഐ.ആറിലെ തിരുത്തും മറ്റ് സാഹചര്യത്തെളിവുകളും ചൂണ്ടാക്കാട്ടിയാണ് കുടുംബം ദുരൂഹതയെന്ന് അറിയിച്ചത്. ബിജുവിന്റെ ഭാര്യ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തു.  

ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം നടപ്പായില്ല. ലോകായുക്തയുടെ റിപ്പോര്‍ട്ടുള്‍പ്പെടെ ഉള്ള്യേരി സ്വദേശിയുടെ  കൈവശമായതിനാല്‍ കേസിന്റെ തുടര്‍നടപടികള്‍ നടത്താനാകാത്ത അവസ്ഥയുണ്ട്. രേഖകള്‍ തിരികെ കിട്ടണമെന്നും ബിജു തോമസിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.