ബവ്കോ ആപ്പില്ലാതെ മദ്യം വാങ്ങാനെത്തി; വാക്കേറ്റം; ഇടപെട്ട യുവാവിന് വെട്ടേറ്റു

ബാലരാമപുരം: ബവ്കോ ചില്ലറ വിൽപന ശാലയിൽ മദ്യം വാങ്ങാനെത്തിയ കത്തി വിൽപനക്കാരനും ജീവനക്കാരനും തമ്മിലുള്ള തർക്കം പറഞ്ഞുതീർക്കാനെത്തിയ യുവാവിന് കഴുത്തിലും കൈയിലും വെട്ടേറ്റു. ബുധൻ വൈകിട്ട് 4.30 ന് കരമന– കളിയിക്കാവിള ദേശീയപാതയിൽ കൊടിനടയ്ക്കു സമീപമാണ് സംഭവം. പരുക്കേറ്റ വെടിവച്ചാൻകോവിൽ പാരൂർക്കുഴി കടയറ വീട്ടിൽ കിരണിനെ (28) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബവ്കോയുടെ ആപ്പില്ലാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ ഇയാളെ ക്യൂവിന് പിന്നിലേക്ക് മാറ്റിയിരുന്നു.

ചോദ്യം ചെയ്യുന്നത് വിലക്കുന്നതിനിടെ തോളിൽ തൂക്കിയിരുന്ന ബാഗിൽ നിന്നു കത്തിയെടുത്ത് കിരണിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. വീടുകളിലും കടകളിലും കത്തിവിൽപന നടത്തുകയും രാകി മിനുസപ്പെടുത്തി നൽകുകയും ചെയ്യുന്നയാളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഇയാൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. സംഭവത്തിനു ശേഷം ഇയാൾ കടന്നു എന്ന് കരുതുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഉടൻ പിടിയിലാവുമെന്ന് ബാലരാമപുരം സിഐ ജി. ബിനു പറഞ്ഞു.