ബിജുവിനെ വിഷം നൽകി കൊലപ്പെടുത്തിയതോ? ഭാര്യയെയും സുഹൃത്തിനേയും ചോദ്യം ചെയ്തു

ഇടുക്കി കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ പിതാവ് ബിജുവിനെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. കേസില്‍ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ അമ്മ അഞ്ജനയും സുഹൃത്ത് അരുൺ ആനന്ദിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ബിജുവിന്റെ കുഴിമാടം തുറന്ന് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.

കുമാരമംഗലത്ത് ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷയനുഭവിക്കുന്ന അരുണ്‍ ആനന്ദിനെ  വിയ്യൂർ ജയിലിൽവച്ചും അമ്മ  അഞ്ജനയെ മൂവാറ്റുപുഴയിലെ വീട്ടിലുമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. തിരുവനന്തപുരം മണക്കാട് സ്വദേശി ബി. ആർ ബിജു തൊടുപുഴയിൽ താമസിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. എന്നാൽ മരിക്കുന്നതിനുമുൻപ് അമ്മ അച്ഛന് പാൽ കുടിക്കാൻ നൽകിയിരുന്നു എന്ന ഇളയമകന്റെ മൊഴിയെ തുടർന്നാണ് ബിജുവിന്റെ മരണത്തിൽ സംശയം ഉയർന്നത്. 

ബിജു മരിച്ച് ദിവസങ്ങൾക്കുള്ളിൽ അഞ്ജന രണ്ടുമക്കളുമായി സുഹൃത്തും ബന്ധുവുമായ അരുണിനൊപ്പം താമസം മാറിയിരുന്നു. മരണത്തിൽ സംശയം പ്രകടിപ്പിച്ചു ബിജുവിന്റെ പിതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്. ഇതേ തുടർന്ന് ബിജുവിന്റെ കുഴിമാടം തുറന്നു ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

അഞ്ജന നൽകിയ പാൽ കുടിച്ചയുടൻ ബിജു അവശനായി വീണു എന്നും ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തിൽവച്ചുതന്നെ മരിച്ചുവെന്നുമാണ് ഇളയകുട്ടിയുടെ മൊഴി. എന്നാൽ ബിജുവിന്റെ മരണം ഹൃദയാഘാതം മൂലംതന്നെയാണ്  ഇടുക്കി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ അഞ്ജനയും അരുണും പറയുന്നത്. ബിജുവിന്റെ കുഴിമാടത്തിൽ നിന്നു ശേഖരിച്ച ശരീരഭാഗങ്ങളുടെ ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷം തുടർ നടപടികളിലേക്കു കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2018 മേയ് 23നായിരുന്നു ബിജു മരിച്ചത്.

2019 മാർച്ച‌് 28 ന് കുമാരമംഗലത്തെ വാടക വീട്ടിലായിരുന്നു 7 വയസ്സുകാരനെതിരായ അക്രമം. ഉറക്കത്തിനിടെ സോഫയിൽ മൂത്രമൊഴിച്ചതിനായിരുന്നു അമ്മയുടെ സാന്നിധ്യത്തിൽ കാമുകന്റെ ക്രൂരമർദനം. ഗുരുതര പരുക്കേറ്റ കുട്ടിയെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട‌് കോലഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 6 നാണു കുട്ടി മരിച്ചത്. കുട്ടിയുടെ കൊലപാതക കേസില്‍ നിന്ന് അമ്മയെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന ആരോപണവും നിലനില്‍ക്കുകയാണ്.