പോപ്പുലര്‍ നിക്ഷേപത്തട്ടിപ്പ്: കോഴിക്കോട് അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട് ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ് അന്വേഷണത്തിന് പ്രത്യേക സംഘം. സ്റ്റേഷനുകളുെട പ്രവര്‍ത്തനത്തെ ബാധിക്കാതെ തുടര്‍ നടപടി സ്വീകരിക്കുന്നതിനാണ് അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നല്‍കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പുതിയ സംഘം അന്വേഷണം തുടങ്ങും.  

സിറ്റി പൊലീസ് പരിധിയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി നൂറ്റി മുപ്പത്തി ഏഴ് പരാതികളാണ് ലഭിച്ചത്. 9 കോടിയിലധികം രൂപ നഷ്ടമായെന്നാണ് കണക്ക്. പരാതികളുടെ ബാഹുല്യം സ്റ്റേഷന്‍ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നത്. ചേവായൂര്‍, നടക്കാവ്, കസബ, മാവൂര്‍ സ്റ്റേഷനുകളിലാണ് പരാതിയുള്ളത്. ചേവായൂരില്‍ മാത്രം എണ്‍പത്തി ഒന്‍പത് പരാതികളാണ് ലഭിച്ചിട്ടുള്ളത്. 

വരുംദിവസങ്ങളില്‍ കൂടുതലാളുകള്‍ പരാതിയുമായെത്താനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടുന്നു. നേരത്തെ ജില്ലയില്‍ ലഭിച്ച മുഴുവന്‍ പരാതികളും കോന്നി സ്റ്റേഷനിലേക്ക് അയച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഓരോ കേസിലും പ്രത്യേകം എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.