മലപ്പുറത്ത് 318 കിലോ കഞ്ചാവ് പിടികൂടി; 5 പേര്‍ അറസ്റ്റിൽ

മലപ്പുറത്ത് 318 കിലോ കഞ്ചാവുമായി 5 പേര്‍ അറസ്റ്റില്‍. പൊലീസിനെ കണ്ട് ഒാടി രക്ഷപ്പെട്ട 3 പേര്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. കേരളത്തിലേക്ക് മുന്‍പും വന്‍തോതില്‍ ഇതേ സംഘം കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് സൂചന.

ചട്ടിപ്പറമ്പിനടുത്തു വച്ചാണ് ഉളളിച്ചാക്കു നിറച്ച മിനി ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ എട്ടു ചാക്ക് കഞ്ചാവ് പിടികൂടിയത്. മിനി ലോറിയിലും അനുഗമിച്ച കാറിലുമായി സഞ്ചരിച്ച അരീക്കോട് ചെമ്പ്രക്കാട്ടൂര്‍ വെളേളരി ഷാഹുല്‍ ഹമീദ്, കോട്ടക്കല്‍ ഇന്ത്യനൂര്‍ അടട്ടില്‍ അബ്ദുറഹിമാന്‍, മഞ്ചേരി തുറക്കല്‍ പാറട്ടി അക്ബര്‍അലി, ഇരുമ്പുഴി അമ്പലപ്പറമ്പില്‍ നജീബ്, കരിപ്പൂര്‍ കൊന്നക്കാട് മുഹമ്മദ് ഇര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട മൂന്നു പേരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

ആന്ധ്രയില്‍ നിന്ന് കൊണ്ടോട്ടിയിലേക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതികളുടെ മൊഴി. പ്രവാസ ജീവിതം അവസാനിപ്പിച്ച് എത്തിയവരടക്കം എട്ടു പ്രതികളും പണം തുല്ല്യമായിട്ടാണ് കഞ്ചാവു കച്ചവടം ആരംഭിച്ചത്. 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് വാങ്ങിയ കഞ്ചാവാണ് പിടികൂടിയത്. ഇതേ സംഘം മുന്‍പ് പലവട്ടം കൊച്ചി അടക്കമുളള കേരളത്തിലെ മറ്റു നഗരങ്ങളിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴി. മലപ്പുറം സി.ഐ...എ. പ്രേംജിത്ത് , എസ്.ഐ സംഗീത് പുനത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് കഞ്ചാവുകടത്തു സംഘത്തെ വലയിലാക്കിയത്.