ഉത്ര വധക്കേസിൽ അതിവേഗ വിചാരണ; ആവശ്യവുമായി അന്വേഷണ സംഘവും കുടുംബം

ഉത്ര വധക്കേസിൽ അതിവേഗ വിചാരണയ്ക്കായി അന്വേഷണ സംഘം കൊല്ലം ജില്ലാ കോടതിയിൽ. ഇതേ ആവശ്യം ഉന്നയിച്ച് ഉത്രയുടെ കുടുംബം ഹൈക്കോടതിയെയും സമീപിക്കും. ഗാർഹിക പീഡനക്കേസിന്‍റെ കുറ്റപത്രം അടുത്തമാസം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അഞ്ചൽ സ്വദേശിനിയായ ഉത്രയെ ഭർത്താവ്  സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച്  കൊലപ്പെടുത്തിയ കേസിൽ റെക്കോർഡ്  വേഗത്തിലാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്പ്രോസിക്യൂഷൻ കഴിഞ്ഞ ആഴ്ച്ച ജില്ലാ കോടതിയിൽ അപേക്ഷ നൽകി. വനിത ജഡ്ജി വാദം കേൾക്കുമെന്നും അഭ്യർഥിച്ചു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി വനിതാ ജഡ്ജ് പിൻമാറി. ഈ സാഹചര്യത്തിൽ വിചാരണ വേഗത്തിലാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് റൂറൽ എസ്.പി ഹരിശങ്കർ പൊലീസ് മേധാവിയെ നേരിൽ കാണും. 

വധക്കേസിൽ സൂരജ് മാത്രമാണ് പ്രതി. ഇയാൾ ഇപ്പോഴും  ജയിലിലാണ്. രണ്ടാം പ്രതിയും പാമ്പ് പിടിത്തക്കാരനുമായ സുരേഷിനെ കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. ഗാർഹിക പീഡന കേസിൻ്റെ കുറ്റപത്രം അടുത്തമാസം കോടതിയിൽ സമർപ്പിക്കും. സുരജിനെ കൂടാതെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക സഹോദരി സൂര്യ എന്നിവരും പ്രതികളാണ്. കേസിൽ അറസ്റ്റിലായ രേണുകയും സൂര്യയും ജയിലിലാണ്. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.