മദ്യക്ഷാമം നേരിട്ടപ്പോള്‍ കഞ്ചാവ് വില്‍പനയ്ക്കിറങ്ങി: അറസ്റ്റ്

ലോക്ഡൗണ്‍ കാലത്ത് മദ്യക്ഷാമം നേരിട്ടപ്പോള്‍ കഞ്ചാവ് വില്‍പനയ്ക്കിറങ്ങി പതിവ് ഇടപാടുകാരായി മാറിയ യുവാക്കള്‍ അറസ്റ്റില്‍. ആയഞ്ചേരി സ്വദേശികളായ സുഹൃത്തുക്കളെയാണ് ഏഴ് കിലോയിലധികം കഞ്ചാവുമായി കോഴിക്കോട് വടകര എക്സൈസ് സംഘം പിടികൂടിയത്. ചെറിയ തോതില്‍ തുടങ്ങിയ വില്‍പന ലാഭകരമെന്ന് കണ്ടതോടെ വിപുലമാക്കുകയായിരുന്നു.   

ആയഞ്ചേരി സ്വദേശി ശ്രീജിത്ത്, അങ്ങാടിത്താഴക്കുനിയില്‍ രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്ന് കണ്ണൂരില്‍ കഞ്ചാവെത്തിച്ച് ഇരുചക്രവാഹനത്തില്‍ ചെറുകിടക്കാര്‍ക്ക് കൈമാറുന്നതായിരുന്നു രീതി. ലോക്ഡൗണ്‍ കാലത്ത് മദ്യലഭ്യത കുറഞ്ഞ സമയത്താണ് കഞ്ചാവ് വില്‍പന പരീക്ഷിച്ചത്. നല്ല ലാഭം കിട്ടിയതോടെ വില്‍പന പതിവാക്കി. ശ്രീജിത്തിന്റെയും രഞ്ജിത്തിന്റെയും സുഹൃത്തുക്കളും കണ്ണികളായി. വടകരയിലെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് എക്സൈസ് സംഘം ഇരുവരെയും പിടികൂടിയത്. ബാഗുകളില്‍ ചെറുപൊതികളിലാക്കി വില്‍പനക്കാര്‍ക്ക് കൈമാറാന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. വാഹനമുള്‍പ്പെടെ എക്സൈസ് കസ്റ്റഡിയിലെടുത്തു. 

ഇവരുടെ സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇരുവരും പതിവായി കഞ്ചാവ് കൈമാറിയിരുന്നവരെക്കുറിച്ചും എക്സൈസ് വിവരം ശേഖരിച്ചിട്ടുണ്ട്.