യുവതിയെ വെടിവെച്ചു കൊന്ന കേസ്; തോക്കിന്റെ ഉറവിടം തേടി പൊലീസ്

മറയൂർ പാളപ്പെട്ടിയിൽ ചന്ദനകൊള്ളക്കാർ  യുവതിയെ വെടിവെച്ചു കൊന്ന  കേസിൽ  തോക്കിന്റെ  ഉറവിടത്തെപ്പറ്റി  അന്വേഷണം ഊർജിതമാക്കി പൊലീസ്. പിടികിട്ടാപ്പുള്ളിയായ ചന്ദനകൊള്ളക്കാരന് ബിനു കുമാറാണ് തോക്ക് നൽകിയതെന്നു പ്രതികളുടെ മൊഴി. പ്രതികളെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.

ചന്ദനകടത്തു ഒറ്റികൊടുത്തു എന്നാരോപിച്ചാണ് ചന്ദ്രികയെ സഹോദരി പുത്രൻ കാളിയപ്പൻ വെടിവെച്ച് കൊന്നത്.  കേസിൽ കാളിയപ്പൻ, മണികണ്ഠൻ, കൗമാരക്കാരൻ എന്നിവർ ഉൾപെടെ 3 പ്രതികളെ മറയൂർ പൊലീസ്  അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ  അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ കാളിയപ്പൻ, മണികണ്ഠൻ എന്നിവരെ കൃത്യം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രധാനമായും തോക്കിന്റെ  ഉറവിടമാണ് അന്വേഷിക്കുന്നത്. തോക്ക് നൽകിയത് ചന്ദന മോഷണക്കേസിലെ പിടികിട്ടാപ്പുള്ളിയായ പാളപ്പെട്ടി സ്വദേശി ബിനുകുമാറാണെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ബിനു കുമാറിനു വേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയെന്നു  പൊലീസ് പറഞ്ഞു.

ബിനുകുമാർ 11 ചന്ദന മോഷണക്കേസിൽ പ്രതിയും പ്രദേശത്ത് തോക്ക് കൂടുതൽ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്നും പൊലീസ് പറയുന്നു. തമിഴ്നാട് മൊബൈൽ സിഗ്നൽ ലഭിക്കുന്ന പാളപെട്ടിയിലെ മെട്ടി എന്ന സ്ഥലത്ത് വെച്ചാണ് ചന്ദന മോഷണത്തിനായും ഇപ്പോൾ നടന്ന കൊലപാതകത്തിനും ആസൂത്രണം നടത്തിയത്.