മൂന്നര പവൻ മോഷണം പോയി; പൊലീസ് അന്വേഷണം മുറുകിയപ്പോൾ തിരികെക്കിട്ടി

നെടുങ്കണ്ടം ആനക്കല്ലിൽ വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണം  പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ തിരികെക്കിട്ടി. കഴിഞ്ഞ ദിവസമാണ് ആനക്കല്ല് റെജിയുടെ  വീട്ടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ സ്വർണം മോഷണം പോയത്. 

സ്വർണം നഷ്ടപ്പെട്ടു, പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വീടും പരിസരവും വിശദമായി പരിശോധിച്ച പൊലീസ് ഞെട്ടി. വീടിന്റെ ഒരു ഭാഗവും പൊളിക്കുകയോ തകർക്കുകയോ ചെയ്തിട്ടില്ല. പൊലീസ് നിരവധിപ്പേരെ ചോദ്യം ചെയ്ത് അന്വേഷണം ഊർജിതമാക്കി. മോഷണത്തെക്കുറിച്ച് പൊലീസിനു ഒരു തുമ്പും ലഭിച്ചില്ല. വിരലടയാള വിദഗ്ധരെ സ്ഥലത്ത് എത്തിച്ച് വിശദമായ പരിശോധന നടത്തിയതിനു പിന്നാലെയാണ് മോഷണം പോയ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ വീടിനു സമീപത്ത് നിന്നും കണ്ടെത്തിയത്. 

വീടിന്റെ പിൻഭാഗത്ത്  ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വർണ ആഭരണം കണ്ടെത്തിയത്. അന്വേഷണത്തിനായി എസ്ഐ സജീവൻ, ജൂനിയർ എസ്ഐ വിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിൽ മാത്യൂ  എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം സംഘം രൂപികരിച്ച് അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം എസ്ഐ ദീലീപ് കുമാർ അറിയിച്ചു. 

മറ്റൊരു കേസിൽ  സമാനമായ രീതിയിൽ കഴിഞ്ഞ മാസവും 23 പവൻ സ്വർണം കാണാതായിരുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം 3 പേർ പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മോഷണം. ആനക്കല്ലിൽ സ്വർണം മോഷണം പോയ കേസിൽ പ്രതിയെ കണ്ടെത്തുന്നതുവരെ കേസ് അന്വേഷിക്കുമെന്ന് നെടുങ്കണ്ടം സിഐ  പി.കെ. ശ്രീധരൻ അറിയിച്ചു.