സ്വര്‍ണക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റ്; കസ്റ്റംസ് ഹൈക്കോടതിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ. ‌കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദുബായിൽ കഴിയുന്ന രണ്ടുപേരെ അറസ്റ്റുചെയ്യേണ്ടതുണ്ട് . അതിനുള്ള നടപടികള്‍ തുടരുകയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.  കേസില്‍ മൂന്നു പ്രതികൾ സമർപിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി.

ഒമ്പതാം പ്രതി  മുഹമ്മദ് അൻവർ, 13ാം പ്രതി മുഹമ്മദ് അബ്ദുൽ ഷമീം, 14ാം പ്രതി ജിഫ്സൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി  ഇന്ന് പരിഗണിച്ചത്. കള്ളക്കടത്തിനായി പണം മുടക്കുന്ന വലിയസംഘമുണ്ടെന്നും. ഈ പണം കൈപ്പറ്റിയാണ് വിദേശത്തുള്ള ചിലര്‍ സ്വര്‍ണം വിമാനത്താവളം വഴി കടത്തുന്നതെന്നും കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാവുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത കസ്റ്റംസ് ബോധിപ്പിച്ചു. മജിസ്ട്രേറ്റ് കോടതി ഹര്‍ജി തള്ളിയതിനെ തുടർന്നാണ് മൂന്ന് പ്രതികളും ഹൈകോടതിയെ സമീപിച്ചത്. നിരപരാധികളാണെന്നും അനാവശ്യമായാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളതെന്നുമാണ് ഹരജിയിലെ ആരോപണം. 

ബഹറൈനിലും സൗദിയിലും ഇന്റീരിയർ ഡിസൈനിംഗ് ബിസിനസ് നടത്തുന്ന അൻവറിന് എട്ടാം പ്രതിയുമായി പരിചയമുണ്ടായിരുന്നു. ൈഹദരാബാദിലെ യു.എ.ഇ കോൺസുലേറ്റ് നിർമാണവുമായി ബന്ധപ്പെട്ട നിർമാണ കരാർ ലഭിച്ചിട്ടുണ്ടെന്നറിയിച്ച എട്ടാം പ്രതി ഇതിെൻറ ഇൻറീരിയർ ഡിസൈനിംഗ് ജോലികൾ വാഗ്ദാനം ചെയ്തതായി അൻവറിന്റെ ഹര്‍ജിയിൽ പറയുന്നു. കരാർ നടപ്പാക്കാൻ 40 കോടിയോളം രൂപ വേണ്ടതിനാൽ പണം നിക്ഷേപിക്കാൻ തയാറുള്ള ഒരാളെ കണ്ടെത്താമോയെന്നും ചോദിച്ചു. 

തുടർന്ന് ഒരു നിക്ഷേപകനെ കണ്ടെത്തി സൗദി അറേബ്യയിൽ ഇൻറീരിയർ ബിസിനസ് നടത്തുന്ന സുഹൃത്ത് ജിഫ്സലിനും ദുബായിയിൽ കഫ്തീരിയ ഉടമയായ ഷമീമിനുമൊപ്പം എട്ടാം പ്രതിയെ കാണാൻ തിരുവനന്തപുരത്ത് പോയി. ഇതിനപ്പുറം ഒന്നുമറിയില്ല. നേരിട്ടോ അല്ലാതെയോ കുറ്റകൃത്യവുമായി ബന്ധമില്ല. കള്ളക്കടത്തുമുതൽ സൂക്ഷിക്കുകയും കൈമാററം ചെയ്യുകയും വിൽപന നടത്തുകയും ചെയ്യുന്ന വകുപ്പ് ചേർത്ത്  കേസെടുത്തത് നിലനിൽക്കില്ലെന്നുമാണ് ജാമ്യഹര്‍ജിയിലെ വാദം.