കാര്‍ ഓടിച്ചത് ബാലഭാസ്കറല്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ശരിവച്ച് ഡോക്ടര്‍; ചുരുളഴിയുന്നു

ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്കറല്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ശരിവച്ച് ഡോക്ടര്‍. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്നൂവെന്ന് ബാലഭാസ്കര്‍ പറഞ്ഞതായി ആദ്യം ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആര്‍.ഫൈസല്‍ പറഞ്ഞു. 

ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രധാന ദുരൂഹതകളിലൊന്ന് ആരാണ് കാര്‍ ഓടിച്ചതെന്നാണ്. ഡ്രൈവറായ അര്‍ജുന്‍ പറയുന്നത് ബാലഭാസ്കര്‍ എന്നാണ്. എന്നാല്‍  അര്‍ജുനാണ് വാഹനം ഓടിച്ചതെന്നും ബാലഭാസ്കര്‍ ഉറങ്ങുകയായിരുന്നൂവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ടെത്തല്‍. ഇത് ശരിവയ്ക്കുന്നതാണ് ബാലഭാസ്കറിനെ ആദ്യം ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഫൈസലിന്റെ വാക്കുകള്‍. ഉറങ്ങിക്കിടന്നപ്പോളാണ് അപകടമെന്ന് ബാലഭാസ്കര്‍ ഫൈസലിനോട് പറഞ്ഞു.

ആശുപത്രിയിലെത്തുമ്പോള്‍ ബോധം ഉണ്ടായിരുന്നെങ്കിലും കൂടുതലായി ഒന്നും ബാലഭാസ്കറിന് അറിയില്ലായിരുന്നു. ബന്ധുക്കളെത്തിയതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയും ബാലഭാസ്കറിന്റേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് കലാഭവന്‍ സോബി രംഗത്തെത്തുകയും ചെയ്തതോടെയാണ് ഡോക്ടറുടെ പ്രതികരണം.