1000 രൂപയ്ക്ക് 250 രൂപ പലിശ; ലോക്ഡൗണ്‍ മറവില്‍ ബ്ലേഡ് മാഫിയ കൊഴുക്കുന്നു

കൊല്ലം: പൊലീസ് കോവിഡിനെ മെരുക്കാനുള്ള തിരക്കിൽ. ബ്ലേഡ് മാഫിയ സാധാരണക്കാരെ കുരുക്കാനുള്ള ഓട്ടത്തിൽ. മാസ്ക് ധരിക്കാത്തവരെയും ലോക്ഡൗൺ ലംഘകരെയും കാത്തു പൊലീസ് സംവിധാനം  തെരുവിൽ കാവൽ നിൽക്കുന്ന തക്കം നോക്കി ജില്ലയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ കൊള്ളപ്പലിശ ഇടപാടുകാർ കൊഴുക്കുന്നു.  മിക്കയിടത്തും ബെനാമി ഇടപാടുകളായാണു പണത്തിന്റെ വിതരണം നടക്കുന്നത്. മിക്കയിടത്തും കൊള്ളപ്പലിശ പിരിക്കാൻ ഏൽപിച്ചിരിക്കുന്നതാകട്ടെ ക്രിമിനൽ സംഘങ്ങളെയും.

ലോക്ഡൗണും കോവിഡിനെ തുടർന്നുണ്ടായ തൊഴിൽ മേഖലയിലെ പ്രതിസന്ധികളും ഒട്ടേറെ സാധാരണക്കാരുടെ ദൈനംദിന ചെലവുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ തക്കം മുതലെടുത്താണു ബ്ലേഡ് മാഫിയ വിലസുന്നത്. പലയിടത്തും കണക്കിൽപ്പെടാത്ത പണമാണ് ഇത്തരത്തിൽ ക്രയവിക്രയം ചെയ്യുന്നതെന്നതും പരസ്യമായ രഹസ്യമാണ്. 1000 രൂപയ്ക്ക് 250 രൂപ വരെയാണു പലിശയിനത്തിൽ ഈടാക്കുന്നത്. 

ഇതു നൽകാൻ കഴിയാത്തവരോടു ഭീഷണിയും ആരംഭിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ജീവിതം അപ്പാടെ കുടുങ്ങിപ്പോയവരാണു നിവൃത്തികേടു കാരണം ഇത്തരക്കാരിൽ നിന്നു പണം വാങ്ങുന്നത്. ഓപ്പറേഷൻ കുബേര ഉൾപ്പെടെ ഇക്കാര്യത്തിൽ ഇടപെടാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടെങ്കിലും മാനഹാനി കാരണം പരാതിപ്പെടാൻ അധികമാരും തയാറാകാത്തതും പൊലീസിനെ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നുണ്ട്.