ഒരു ലക്ഷം രൂപയ്ക്ക് നാലരലക്ഷം രൂപ തിരിച്ചടവ്; ഹോട്ടലുടമ ആത്മഹത്യ ചെയ്തു

ബ്ലേഡ് കൊള്ളപ്പലിശ ഇടപാടിൽ കുരുങ്ങി സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. പെരുമ്പാവൂരിന് സമീപം രായമംഗലം സ്വദേശിയായ അമ്പത്തിയെട്ടുകാരന്‍ സദാശിവന്‍ ആണ് ആത്മഹത്യ ചെയ്തത്. ഒരു ലക്ഷംരൂപയുടെ വായ്പയ്ക്ക് നാലരലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്ളെയിഡുകാരന്‍ നിരന്തരം ബുദ്ധിമുട്ടിച്ചതാണ് ആത്മഹത്യയിലേക്ക് വഴിവച്ചതെന്ന് സദാശിവന്റെ മകനും നാട്ടുകാരും ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് വീടിന് പുറത്തുള്ള പാചകപ്പുരയില്‍ തൂങ്ങിയനിലയില്‍ സദാശിവന്‍റെ മൃതദേഹം കണ്ടെത്തിയത്. രായമംഗലം പഞ്ചായത്തിന് സമീപം ഹോട്ടല്‍ നടത്തുകയായിരുന്ന സദാശിവന്‍ സ്ഥലത്തെ ബ്ളെയിഡുകാരനില്‍നിന്ന് ഒരുലക്ഷംരൂപ വായ്പയെടുത്തിരുന്നു. വായ്പവാങ്ങിയ ഒരുലക്ഷം രൂപ പലിശയും കൂട്ടുപലിശയുമായി ചേര്‍ന്ന് നാലര ലക്ഷരൂപയായി തിരിച്ചടയ്ക്കണമെന്നായിരുന്നു ബ്ളെയിഡുകാരന്റെ ആവശ്യം. രണ്ടുലക്ഷം രൂപയോളം തിരിച്ചടച്ചെങ്കിലും ബ്ളെയിഡുകാരന്‍ വിട്ടുവീഴ്ചചെയ്തില്ല. 

കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തി സദാശിവനോട് സംസാരിച്ചിരുന്നുവെന്നും ഇതിനുപിന്നാലെയാണ് ആത്മഹത്യയുണ്ടായതെന്നും മകന്‍ സജീഷ് പറഞ്ഞു. കീഴില്ലം സഹകരണബാങ്കില്‍നിന്നും സദാശിവന്‍ വീടുവയ്ക്കാനായി വായ്പയെടുത്തതിലും തിരിച്ചടവ് മുടങ്ങിയിരുന്നു. എന്നാല്‍ ബ്ളെയിഡുകാരന്റെ ഭാഗത്തുനിന്നുള്ള ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാരും പറയുന്നു.

സദാശിവന്റെ മൂന്ന് മക്കളും ഡ്രൈവര്‍മാരാണ്. ഭാര്യ സുജാതയുമായി ചേര്‍ന്നാണ് സദാശിവന്‍ ഹോട്ടല്‍ നടത്തിയിരുന്നത്.  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.