മധ്യകേരളത്തില്‍ ഓപ്പറേഷന്‍ ബ്ലേഡില്‍ 26 പേര്‍ അറസ്റ്റിൽ

കൊള്ളപ്പലിശക്കാർക്കെതിരെ വ്യാപക റെയ്ഡ് നടപടികളുമായി പൊലീസ് വീണ്ടും. നാല് ജില്ലകളില്‍ പുലർച്ചെ മുതൽ നടത്തിയ റെയ്്ഡുകളിലായി 26 പേർ അറസ്റ്റിലായി. 360 കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് 42 കേസുകളും റജിസ്റ്റർ ചെയ്തു. 

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൊള്ളപ്പലിശക്കാർക്കെതിരെ തുടങ്ങിവച്ച ഓപ്പറേഷൻ കുബേര ഏറെക്കുറെ നിലച്ചിരിക്കെ തീർത്തും അപ്രതീക്ഷിതമായാണ് ഓപ്പറേഷൻ ബ്ലേഡ് എന്ന പേരിൽ നടപടികൾക്ക് പൊലീസ് തുടക്കംകുറിച്ചത്. എറണാകുളം റേഞ്ച് ഐജിയുടെ നിർദേശപ്രകാരം നാല് ജില്ലകളില്‍ പുലർച്ചെ ആറുമുതൽ ഉദ്യോഗസ്ഥരിറങ്ങി. 360 കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥർ 42 കേസുകൾ റജിസ്റ്റർ ചെയ്തു. കോട്ടയത്താണ് ഏറ്റവുമധികം കേസുകൾ. 106 കേന്ദ്രങ്ങൾ റെയ്ഡുചെയ്ത് ഇവിടെ 22 കേസെടുത്തു. 

എറണാകുളം സിറ്റിയിലും റൂറലിലുമായി 69 റെയ്ഡു‍കള്‍ നടന്നു, ഒന്‍പത് കേസുകളുണ്ട്. ഇടുക്കിയിൽ ആറും ആലപ്പുഴയിൽ നാലും കേസുകള്‍ ഇതുവരെ റജിസ്റ്റർ ചെയ്തു. പത്തുലക്ഷം രൂപയും മുപ്പത് പവനോളം സ്വർണവും പിടിച്ചെടുത്തു. തുകയെഴുതാത്ത 278 ചെക്കുകൾ അടക്കം രേഖകളും തെളിവായി കണ്ടെടുത്തിട്ടുണ്ട്. രേഖകളുടെ സൂക്ഷപരിശോധന പൂർത്തിയാകുമ്പോൾ കൂടുതല്‍ കേസുകളും അറസ്റ്റുകളും ഉണ്ടായേക്കും.