ബ്ലേഡ് മാഫിയ തലവൻ ചിത്തിര ഷൈജുവിനെതിരെ കൂടുതല്‍ പരാതികൾ

കൊല്ലം അഞ്ചൽ ഏരൂരിൽ 12 വയസുകാരിയെയും കുടുംബത്തെയും ആക്രമിച്ച ബ്ലേഡ് മാഫിയ തലവൻ ചിത്തിര ഷൈജുവിനെതിരെ കൂടുതല്‍ പരാതികള്‍. അഞ്ചലിനെ വിറപ്പിച്ച ഗുണ്ട തലവനായ ചിത്തര ഷൈജു പന്ത്രണ്ടുകാരിയെ കുത്തിപരിക്കേൽപ്പിച്ച കേസില്‍ പിടിയിലായതോടെയാണ് ഒരുനാടു മുഴുവന്‍ ആശ്വാസത്തിലാണ്. പൊലീസിന്റെ ഒത്താശയോടെ ഗുണ്ടാ പ്രവർത്തനം നടത്തുന്ന ഷൈജുവിന് ഉന്നത രാഷ്്ട്രീയ ബന്ധങ്ങളുമുണ്ട്. ഇന്നലെ രാത്രി അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

ചിത്തിര ഷൈജു , ഒപ്പം കൂട്ടായി ശാലു. പൊലീസിന്റെ ഏറേ സഹായങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും പെൺകുട്ടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായി രണ്ടു പേരും. കുബേരകാലത്ത് പിടിയിലായ ഷൈജു പൊലീസിന്റെയും രാഷ്ട്രീയ ബന്ധങ്ങളുടെയും ബലത്തിലാണ് അഞ്ചലിൽ പിന്നെയും അഴിഞ്ഞാടിയത്. വീട് എഴുതി വാങ്ങി ഷൈജു ഇറക്കിവിട്ട് കുടുംബം സിറ്റൗട്ടിൽ തന്നെ കഴിഞ്ഞതാണ് കൊളളപലിശ സംഘത്തേ പ്രകോപിച്ചത്. കുടുംബത്തേ മർദിച്ച ഷൈജു പെൺകുട്ടിയേ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. കൈയിൽ കുട്ടിക്ക് മാരകമായ മുറിവേട്ടിണ്ടുണ്ട്. പുനലൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കുട്ടി ആകെ ഭയന്ന അവസ്ഥയിലാണ്. 

പണം പലിശക്ക് നൽകിയ ശേഷം വീടിന്റെയും വസ്തുവിന്റെയും പ്രമാണങ്ങൾ എഴുതി വാങ്ങുകയാണ് ചിത്തിര ഷൈജുവിന്റെ രീതി. പണവും പലിശയും തിരികെ നൽകിയാലും പക്ഷെ എഴുതി വാങ്ങിയ പ്രമാണങ്ങൾ തിരികെ എഴുതി കൊടുക്കാറില്ല. പിന്നീട് ഗുണ്ടായിസം കാണിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടും.ഇത്തരത്തിൽ ഇറക്കി വിട്ടിട്ടും വീട്ടിൽ നിന്ന് പോകാതിരുന്നതാണ് പന്ത്രണ്ടു കാരിയേയും കുടുംബത്തേയും ആക്രമിക്കാൻ ഇടയാക്കിയത്.