കീഴൂരിൽ പൊട്ടിത്തെറി; പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ ഇരിട്ടി കീഴൂരിൽ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണ്യത്ത് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വയലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. കീഴൂർ സ്വദേശി ഹേമന്തിന്റെ കൈക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. അനധികൃത പടക്കനിർമാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വയലിൽ പൊട്ടിത്തെറിയുണ്ടായത്. 

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഹേമന്തിന്റെ കൈവിരൽ  നഷ്ടപ്പെട്ടു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഹേമന്ത് അപകടനില തരണം ചെയ്തു. ഇരിട്ടി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. പൊലിസും, ഡോഗ് സ്ക്വാഡും, ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധനടത്തി. വെടിമരുന്നും, ഗുണ്ട് നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ചണനൂലും കണ്ടെടുത്തു. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിനുപയോഗിക്കുന്ന ശക്തിയേറിയ പടക്ക നിർമാണത്തിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

പരിസരവാസികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. അശ്രദ്ധമായി സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിന് ഹേമന്തിനെതിരെ  കേസെടുത്തു. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പരിശോധനയിൽ ശക്തിയേറിയ സ്ഫോടക വസ്തുക്കളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ചികിത്സയിലുള്ള ഹേമന്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്താനും, പട്രോളിങ് ശക്തമാക്കാനും പൊലീസ് തീരുമാനിച്ചു