അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവരെ കുടുക്കി സൈബർ തട്ടിപ്പുകാർ; കെണി ഇങ്ങനെ

അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് കെണിയൊരുക്കി സൈബർ തട്ടിപ്പുകാരും. ഇത്തരം  സൈറ്റുകളിലെ സന്ദർശനത്തിന്റെ വിവരം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വൻ തുകകൾ തട്ടിയെടുക്കാനാണ് ശ്രമം

ലോക്ഡൗണിനെത്തുടർന്ന് ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെയാണ് സൈബർ തട്ടിപ്പുകാരും കൂടുതൽ സജീവമായിരിക്കുന്നത്. 

അശ്ലീല ദൃശ്യങ്ങളുടെ സൈറ്റുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. പണം അവശ്യപ്പെട്ട് ആദ്യം ഈ മെയിലുകളാണ് അയയ്ക്കുക. തുടർന്ന് വിവരങ്ങൾ ചോർത്തിയെടുത്ത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിയും. പോൺ സൈറ്റുകളിൽ  സ്ഥാപിച്ചിരിക്കുന്ന വ്യാജ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് സൈറ്റുകൾ ഉപയോഗിക്കുന്നവരുടെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കുകയാണ് ഇവരുടെ രീതി. ഇങ്ങനെ ചോർത്തുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തൽ. 

ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ  സൈറ്റുകൾ ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങൾ സഹിതം സുഹൃത്തുക്കൾക്കുൾപ്പെടെ  നൽകുമെന്നാണ് ഭീഷണി. ഒന്നും രണ്ടും രൂപയല്ല, ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. വിദേശത്ത് നിന്നാണ് ഇത്തരം ഭീഷണികളെന്നാണ് പ്രാഥമിക വിവരം. മഹാരാഷ്ട്ര പൊലീസിന് ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.