അശ്ലീല സിനിമാ ശേഖരം നശിപ്പിച്ചു; അച്ഛനെതിരെ കേസ് നല്‍കി മകന്‍

പ്രതീകാത്മക ചിത്രം

അശ്ലീല സിനിമാ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത് മകന്‍. 29,000 ഡോളര്‍ വിലവരുന്ന അശ്ലീല സിനിമാ ശേഖരം മാതാപിതാക്കള്‍ നശിപ്പിച്ചുവെന്നാണ് മകന്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയാണ് 40 വയസ്സുകാരനായ യു.എസ് സ്വദേശി മിച്ചിഗനിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. 86,000 ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് കേസ്. 

2016 ൽ വിവാഹമോചിതനായശേഷം മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാൻ യുവാവ് വീട്ടിലെത്തിയിരുന്നു. 10 മാസങ്ങള്‍ക്കുശേഷം പുതിയ വീട്ടിലേക്കു താമസം മാറി. മാതാപിതാക്കളാണ് ഇയാളുടെ സാധനങ്ങൾ ഈ വിലാസത്തിലേക്ക് അയച്ചു നൽകിയത്. എന്നാല്‍ 12 പെട്ടികളിലായി സൂക്ഷിച്ച അശ്ലീല സിനിമകളുടെ ശേഖരം കിട്ടിയില്ല. ഇതോടെ ഇയാൾ മാതാപിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി.

സിനിമാ ശേഖരം നശിപ്പിച്ചു കളഞ്ഞതു താനാണെന്നു പിതാവ് സമ്മതിച്ചു. എല്ലാം മകന്റെ നല്ലതിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞതായി കോടതി രേഖകളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു.

എന്നാല്‍ അപൂർവമായതും ഇനിയൊരിക്കലും ലഭ്യമാവാത്തതുമായ അശ്ലീല സിനിമകളാണു തന്റെ കയ്യിൽ ഉണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ നഷ്ടപരിഹാരം നൽകിയേ തീരൂ എന്നുമാണ് മകന്റെ നിലപാട്. ഇവരുടെ പേരു വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.