ആലപ്പുഴയില്‍ രാസവസ്തുക്കൾ ചേർത്ത 350 കിലോ മൽസ്യം പിടികൂടി

ആലപ്പുഴയില്‍ രാസവസ്തുക്കൾ ചേർത്തതും പഴകിയതുമായ മത്സ്യങ്ങള്‍ പിടികൂടി. 350 കിലോഗ്രാം മത്സ്യമാണ് വഴിയോര കച്ചവടക്കാരില്‍ നിന്ന് കണ്ടെത്തിയത്. കോവിഡ് നിയന്ത്രണങ്ങളില്‍പെട്ട് മല്‍സ്യലഭ്യത കുറഞ്ഞതോടെ പഴകിയവ ഉള്‍പ്പടെ വിലകൂട്ടി വില്‍ക്കുകയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ചീഞ്ഞ് ദുര്‍ഗന്ധം വന്നതാണ് പിടികൂടിയ മല്‍സ്യങ്ങളില്‍ ഏറെയും. കേര, ചൂര ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളാണ് ഇത്തരത്തില്‍ വില്‍പ്പനയ്ക്കായി വച്ചത്. വഴിയോര കച്ചവട കേന്ദ്രങ്ങളില്‍നിന്നുമാത്രം 350 കിലോഗ്രാം പഴകിയ മല്‍സ്യമാണ് നഗരസഭാ ആരോഗ്യവിഭാഗം പിടികൂടിയത്. കേടുവരാതിരിക്കാനായി രാസവസ്തുക്കള്‍ ഉപയോഗിച്ച മല്‍സ്യങ്ങളും പിടിച്ചെടുത്തു. 

പഴകിയ മല്‍സ്യം വിറ്റവര്‍ക്കെതിര നിയമനടപടിയെടുക്കും. എട്ടു കച്ചവടക്കാരില്‍നിന്നാണ് ഇത്രയും മല്‍സ്യങ്ങള്‍ പിടികൂടിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കേടായ മല്‍സ്യങ്ങള്‍ കുഴിച്ചുമൂടി. മല്‍സ്യബന്ധനത്തിന് കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് പഴകിയ മല്‍സ്യങ്ങള്‍ വലിയ അളവില്‍ എത്തുന്നതായാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അതിനാല്‍തന്നെ പരിശോധനയും കര്‍ശനമാക്കി.