ഏഴടി ഉയരമുള്ള ആ അജ്ഞാതരൂപവും വ്യാജൻ; കുന്നംകുളത്തെ ട്വിസ്റ്റ്: വിഡിയോ

കുന്നംകുളത്തെ അജ്ഞാതരൂപത്തിന്റെ വിഡിയോ എന്ന പേരിൽ നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ വ്യാജം. കരുളായിയിൽ വീട്ടു സാധനങ്ങൾ മോഷ്ടിച്ചയാളുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഏഴടി ഉയരമുള്ള അജ്ഞാതനാണ് നാട്ടിൽ കറങ്ങുന്നതെന്ന് പറഞ്ഞ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ദൃശ്യങ്ങളാണിത്. ഇനി ഇതിന്റെ യഥാർഥ ദൃശ്യം കാണാം.

ദൃശ്യങ്ങളിൽ പ്രത്യേകമായി എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. യഥാർഥ ദൃശ്യത്തിൽ സാധാരണ ഉയരമുള്ള ആൾ. അജ്ഞാത രൂപത്തിന്റെ ദൃശ്യം ഒരു സിസിടിവി കാമറയിലും പതിഞ്ഞിട്ടില്ല. ഒരാളുടെ മൊബൈൽ ഫോണിലും ദൃശ്യങ്ങൾ ഇല്ല. കാമറയ്ക്ക് മുന്നിൽ ആളെ പറ്റിച്ച് കാഴ്ചക്കാരെ രസിപ്പിക്കുന്ന പ്രാങ്ക് എന്ന പരിപാടി ആണെന്ന് പോലിസ് സംശയിക്കുന്നുണ്ട്. ഫെയ്സ് ബുക്കിൽ പ്രാങ്ക് എന്ന് സെർച്ച് ചെയ്താൽ ഇങ്ങനെയുള്ള ദൃശ്യങ്ങൾ കാണാം.  

ലേസർ ലൈറ്റ് ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തുന്നുണ്ട്‌. അജ്ഞാത രൂപം പൊലീസ് വിശ്വസിക്കുന്നില്ല. ആരെങ്കിലും പ്രച്ഛന്ന വേഷം നടത്തി ആളെ പറ്റിക്കുന്നതാകാം. അജ്ഞാതനെ പിടിച്ചെന്ന വ്യാജ വാർത്തകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കേസെടുക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.