ലോക്ഡൗൺ ലംഘിച്ചതിന് അറസ്റ്റുചെയ്തു; യുവാവ് ജീവനൊടുക്കി

ആന്ധ്രയിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത 21 കാരൻ ആത്മഹത്യ ചെയ്തു. പൊലീസാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന പേരിൽ യുവാവെടുത്ത വീഡിയോയും പുറത്തു വന്നു

അന്ധ്രയിലെ കൃഷ്ണ ജില്ലക്കാരനായ ശ്രീനിവാസാണ് മരിച്ചത്. ചിറ്റൂർ ജില്ലയിൽ നിന്നും വരുന്ന വഴിയാണ് ലോക ഡൗൺ ലംഘിച്ചതിന്റെ പേരിൽ പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയോടെ സ്വന്തം ജാമ്യത്തിൽ  ഇയാളെ വിട്ടയച്ചെങ്കിലും സൈക്കിൾ വിട്ടു നൽകിയില്ല. 

തുടർന്ന് സമീപത്തെ  ബസ് സ്റ്റാന്റിലെത്തിയ ശ്രീനിവാസ് സെൽഫി വീഡിയോ എടുത്ത ശേഷം അടുത്ത് കണ്ട മരത്തിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു, വീഡിയോയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ശ്രീനിവാസ് ഉന്നയിച്ചിരിക്കുന്നത്. മരണത്തിന് ഉത്തരവാദി പൊലീസാണെന്നും ആരോപിച്ചിട്ടുണ്ട്. എന്നാൽ സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് ശ്രീനിവാസ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.