നാടന്‍ വാറ്റും കാട്ടിറച്ചിയും ലക്ഷ്യം; ലോക്ക് ഡൗണിനിടെ നായാട്ടിനിറങ്ങി; 6 പേര്‍ പിടിയിൽ

ലോക്ക് ഡൗണിനിടെ ഹരംകയറി നായാട്ടിനിറങ്ങിയ ആറംഗ സംഘത്തെ കോഴിക്കോട് താമരശ്ശേരി വനപാലകസംഘം പിടികൂടി. പുതുപ്പാടി കൊളമല വനത്തിലാണ് നായാട്ടിനുള്ള തയാറെടുപ്പിനിടെ പ്രതികളെ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയത്. തോക്കും തിരയും കത്തിയും ഉണക്കി സൂക്ഷിച്ചിരുന്ന കാട്ടുപന്നിയുടെ ഇറച്ചിയും പിടികൂടി.  

നിയന്ത്രണമുള്ളതിനാല്‍ പകല്‍ പുറത്തിറങ്ങാനാകുന്നില്ല. അങ്ങനെയെങ്കില്‍ രാത്രിയില്‍ രഹസ്യമായി ഒത്തുകൂടാമെന്ന് ഇവര്‍ തീരുമാനിച്ചു. നാടന്‍ വാറ്റിനൊപ്പം കാട്ടിറച്ചിയുടെ സ്വാദുമായിരുന്നു ലക്ഷ്യം. ആറംഗ സംഘം അങ്ങനെയാണ് കാടുകയറിയത്. മാന്‍, മ്ലാവ്, കാട്ടുപോത്ത് ഇവയിലേതെങ്കിലുമായിരുന്നു ലക്ഷ്യം. തോക്കും തിരകളും കത്തിയും ടോര്‍ച്ചുമുള്‍പ്പെടെ കരുതി സംഘം കാല്‍നടയായി വനത്തിനുള്ളിലേക്ക് കയറി. രാത്രി പത്ത് മണിയോടെ വനത്തിലെത്തി. പന്ത്രണ്ടരയോടെ വനപാലകരുടെ പിടിയിലായി. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ മൂന്നാളുകള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കീഴ്പെടുത്തുകയായിരുന്നു. നേരത്തെയും നിരവധി മൃഗവേട്ടയില്‍ പങ്കാളിയായിരുന്ന ചമല്‍ സ്വദേശി സുരേഷ്കുമാറാണ് വേട്ട ആസൂത്രണം ചെയ്തത്. ഉണ്ണികുളം സ്വദേശി മുഹമ്മദ് ജംഷീദ്, കട്ടിപ്പാറ സ്വദേശികളായ റഫീഖ്, ഷെഫിഖ്, ഇടുക്കി സ്വദേശി ജോസഫ്, പെരിങ്ങോട് സ്വദേശി ജയന്‍, എന്നിവരും അറസ്റ്റിലായി.  

ഉദ്യോഗസ്ഥരുടെ ശ്രദ്ധയെത്താനുള്ള സാധ്യത മുന്നില്‍ കണ്ട് വാഹനം ഒഴിവാക്കിയാണ് പല വഴികളിലൂടെ ആറുപേരും വനാതിര്‍ത്തിയിലെത്തിയത്. ടോര്‍ച്ച് തെളിച്ച് ചെങ്കുത്തായ മലയിലേക്ക് കയറുകയായിരുന്നു. വേട്ട ആസൂത്രണം ചെയ്തതിനും ആയുധവുമായി വനത്തില്‍ അതിക്രമിച്ച് കയറിയതിനും സംഘം ചേര്‍ന്നതിനും കേസെടുത്തു. അറസ്റ്റിലായവരില്‍ സുരേഷിന് മാത്രമാണ് മൃഗവേട്ടയില്‍ മുന്‍പരിചയമെന്നാണ് വിവരം. സംഘത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും വനംവകുപ്പ് പരിശോധിക്കും.