പാല്‍വിതരണ വാഹനത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചു; അറസ്റ്റ്

പാല്‍വിതരണ വാഹനത്തില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് കോഴിക്കോട് മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി അമല്‍ മന്‍സൂര്‍, മണാശേരി സ്വദേശി മുഫീദ്, തിരുവമ്പാടി സ്വദേശി സന്തോഷ്കുമാര്‍ എന്നിവരാണ് തിരുവമ്പാടി പൊലീസിന്റെ പിടിയിലായത്. വാഹനത്തില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിരവധി കവര്‍ പാന്‍മസാലയും കണ്ടെടുത്തു. 

അവശ്യസര്‍വീസായതിനാല്‍ പാലുമായെത്തുന്ന വാഹനം പൊലീസ് പരിശോധനയില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്നായിരുന്നു യുവാക്കള്‍ കരുതിയത്. വാഹനത്തില്‍ ലഹരികടത്ത് വ്യക്തമായി അറിയാവുന്നയാള്‍ വിവരം പൊലീസിനെ അറിയിച്ചു. മരക്കാട്ടുപുറത്തിന് സമീപം വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. പ്രത്യേകം കവറിലാക്കി സൂക്ഷിച്ചിരുന്ന പാന്‍മസാല ശേഖരം കണ്ടെടുത്തു. ബംഗലൂരുവില്‍ നിന്ന് നേരത്തെയെത്തിച്ച് രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാലയാണ് ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനായി വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്. ലോക്ക് ഡൗണ്‍ സമയത്തും നിരവധിയാളുകള്‍ക്ക് സംഘം ലഹരി ഉല്‍പ്പന്നങ്ങള്‍ കൈമാറിയിരുന്നതായി വിവരമുണ്ട്. ലഹരികടത്ത് സാധ്യത മുന്നില്‍ക്കണ്ട് സംശയം തോന്നുന്ന വാഹനങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.