ക്വാറന്റീൻ തെറ്റിച്ചത് ചോദ്യം ചെയ്ത യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു

ക്വാറന്‍റീനില്‍ കഴിയണമെന്ന നിർദ്ദേശം ലംഘിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ നാല് പേർ ചേർന്ന് തല്ലിക്കൊന്നു. ജാർഖന്ധിലെ പലാമു ജില്ലയിലാണ് ദാരുണസംഭവം. പ്രതികളെല്ലാം ഒളിവിലാണ്. കാശി സോയെന്ന നാൽപത്തിയഞ്ചുകാരനെയാണ് നാല് യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന പ്രതികൾ കോവിഡിൻ്റെ പശ്ചാത്തലത്തിലാണ് നാട്ടിൽ തിരിച്ചെത്തിയത്. പലചരക്കുക്കച്ചവടം  നടത്തിയിരുന്ന കാശിയുടെ കടയിൽ സാധനം വാങ്ങാനെത്തിയ ഇവരോട് പതിന്നാല് ദിവസം വീടുകളിൽ കഴിയാൻ കാശി ആവശ്യപ്പെട്ടു. 

ഇത് ഇഷ്ടപ്പെടാഞ്ഞ പ്രതികൾ കടയിൽ വച്ചുതന്നെ ഇയാളെ മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാശിയെ നാട്ടുകാർ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് പലാമു മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് പ്രതികൾക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി  കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.