ലോറിയിൽ മദ്യ കുപ്പികൾ ഇറക്കി; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് മർദനം

ലോക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് ലോറിയിൽനിന്ന് മദ്യ കുപ്പികൾ ഇറക്കുന്നത് ചിത്രീകരിച്ച മാധ്യമ പ്രവർത്തകർക്കെതിരെ സി ഐ ടി യു തൊഴിലാളിയുടെ മർദനം. കോഴിക്കോട് വെളളയിലുള്ള ബവ്റിജസ് കോർപറേഷന്റെ ഗോഡൗണിൽ മദ്യം ഇറക്കുന്നത് ചിത്രീകരിച്ച ജനം ടിവിയിലെ മാധ്യമ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. 

ഇരുപതോളം വരുന്ന സി ഐ ടി യു പ്രവർത്തകരാണ് മർദിച്ചത്. ചിത്രീകരിച്ച ദൃശ്യങ്ങൾ മായിച്ചു കളയണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. പൊലീസെത്തിയാണ് ചുമട്ടുതൊഴിലാളികളെ പിടിച്ചു മാറ്റിയത്.  വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ മാധ്യമ പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് മദ്യവിൽപന സർക്കാർ നിറുത്തിവച്ചതിനിടയിലാണ് തൊഴിലാളികളെ കൂട്ടത്തോടെ വിളിച്ച് ഗോഡൗണിൽ പുതിയ ലോഡ്മദ്യം ബവ്റിജസ് കോർപറേഷൻ നിറച്ചത്.