സാമ്പത്തിക തർക്കം; യുവതി അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

സാമ്പത്തിക തർക്കത്തെ തുടർന്ന്  സോഫ്ട്‌വെയര്‍ എഞ്ചിനീയറായ യുവതി അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സഹോദരനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ബെംഗളൂരു കെ ആര്‍ പുരത്താണ് സംഭവം. കൊലപാതകത്തിന് ശേഷം  യുവതി ഒളിവിലാണ്. 

ദാവനഗരൈ സ്വദേശിയായ നിർമല സോഫ്റ്റ്‌വെയർ എൻജിനീയറായ മകള്‍ അമൃതയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. മകന്‍ ഹരീഷിന് ഹൈദരാബാദിൽ ജോലി ലഭിച്ചതോടെ അങ്ങോട്ട് പോകുവാനുള്ള ഒരുക്കത്തിലായിരുന്ന നിർമല. അമൃതയെടുത്ത  15 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയത് സംബന്ധിച്ച് അമ്മയുമായി കഴിഞ്ഞ ദിവസം രാത്രിതർക്കം ഉണ്ടായിരുന്നു. തുടർന്ന് ഹരീഷ് ഇടപെട്ട് തർക്കം അവസാനിപ്പിച്ചതിന് ശേഷം 2 പേരും ഒരു മുറിയിലാണ് കിടന്നുറങ്ങിയത്. പുലർച്ചെ നാലിന് മുറിയില്‍ നിന്ന് വലിയ ശബ്ദം കേട്ടെത്തിയ ഹരീഷാണ് സഹോദരി അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നതാണ് കണ്ടത്. തടയാന്‍ ശ്രമിച്ച ഹരീഷിന്‍റെ കഴുത്തിലും അമൃത കുത്തിപ്പരിക്കേല്‍പ്പിച്ചു. 

ബന്ധുക്കളെ ഫോണിൽ വിവരം അറിയിച്ച ഹരീഷ് തുടർന്ന് അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. ഇതിനിടെ നേരത്തെ തയ്യാറാക്കി വച്ച ബാഗുമായി അമൃത രക്ഷപ്പെട്ടു. പിതാവിന്റെ മരണശേഷം അമൃതയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. അവിവാഹിതയായ ഇവർ നേരത്തേയും അക്രമസ്വഭാവം കാണിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍പോയ അമൃതയ്ക്കായി തിരച്ചില്‍ ഉൗര്‍ജിതമാക്കി.