കൊന്നത് രണ്ടാംശ്രമത്തിൽ; ജാഗ്രത കാട്ടിയിരുന്നുവെങ്കില്‍ സിലി ഇന്നും ജീവിച്ചിരുന്നേനെ

കുടുംബാംഗങ്ങള്‍ ജാഗ്രത കാട്ടിയിരുന്നുവെങ്കില്‍ സിലിയെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്ന് എസ്.പി. കെ.ജി.സൈമണ്‍. സയനൈഡ് കലര്‍ന്ന കഷായം കഴിച്ച് അവശതയിലായ സിലിയെ ആശുപത്രിയലെത്തിച്ചപ്പോള്‍ വിഷം കലര്‍ന്നതായി സംശയമുള്ളതായി ഡോക്ടര്‍ കുറിപ്പെഴുതിയിരുന്നു. ഇത് ഗൗരവത്തിലെടുത്തിരുന്നുവെങ്കില്‍ പിന്നീടുള്ള കൊലപാതകശ്രമങ്ങള്‍ തടയാമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

രണ്ടാംശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്താന്‍ ജോളിക്ക് സാധിച്ചത്. കുറച്ചുകൂടി ജാഗ്രത കാട്ടിയിരുന്നുവെങ്കില്‍ ആദ്യ ശ്രമത്തില്‍തന്നെ വിഷം കലര്‍ത്തിയത് കണ്ടെത്താമായിരുന്നു. സിലി കഴിക്കുന്ന കഷായത്തില്‍ ജോളിയാണ് സയനൈഡ് കലര്‍ത്തിയത്. ഇത് കഴിച്ച് അവശതയിലായ സിലിയെ വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്താണ് കാരണമെന്ന് കണ്ടെത്താനായില്ലെങ്കിലും വിഷം അകത്ത് ചെന്നതായി സംശയമുള്ളതായി രേഖകളില്‍ ഡോക്ടര്‍ രേഖപ്പെടുത്തി. 

ഈ നിഗമനത്തിന് പ്രാധാന്യം നല്‍കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ സിലി ഇന്നും ജീവിച്ചിരുന്നേനെ. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്ലെങ്കിലും ഡോക്ടര്‍മാരുടെയും സിലിയുടെ മകന്റെയും സഹോദരന്റെയും മൊഴികള്‍ കേസില്‍ നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.