ജാഗ‌ിയുടെ മരണത്തില്‍ ദുരൂഹത ബാക്കി; അന്വേഷണം ആൺസുഹൃത്തിലേക്ക്

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു. മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതിൽ വ്യക്തത വരുത്താൻ പെലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിന് പൊലസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായും ആക്ഷേപമുണ്ട്.

തിരുവനന്തപുരത്ത് കുറവൻകോണത്തെ വീട്ടിലാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീഴ്ചയിൽ തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് ജാഗ‌ിയുടെ മരണകാരണമെന്ന് പ്രാഥമിക നിഗനമം. മോഡലായ ജാഗ‌ി ഏത് പ്രതിസന്ധിഘട്ടത്തിലും നന്നായി നടക്കാൻ പരിശീലിച്ചിരുന്നു. ഇത് കണക്കാക്കുമ്പോഴാണ് വീടിനുള്ളിൽ തെന്നിവീണു എന്ന നിഗമനം ജാഗ‌ിയുമായി അടുപ്പമുണ്ടായിരുന്നവർക്ക് വിശ്വസിക്കാനാവാത്തത്. പുറമേ രക്തപ്പാടുകളോ ശരീരത്തിൽ മുറിവുകളോ ഇല്ലായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാകാം മരണം സംഭവിച്ചതെന്നാണു നിഗമനം. 

മരണത്തിലെ ദുരൂഹത തള്ളിക്കളയാനാവാത്തതിനെ തുടർന്നാണ് ജാഗ‌ിയുടെ അടുത്ത സുഹൃത്തിലേക്കുകൂടി അന്വേഷം നീളുന്നത്.. കൊച്ചിയിലെ ബോഡി ബിൽഡറായ ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് തീരുമാനം. ഇതിൻറ ഭാഗമായി പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളും ജാഗ‌ിയും തമ്മിലുള്ള ഫോൺകോളുകളും മറ്റ് വിവരങ്ങളും ശേഖരിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

ദിവസവും  ജാഗ‌ിയുമായി ഫേണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ സംഭവ ദിവസം ജാഗ‌ി ഫോൺ അറ്റൻറ് ചെയ്തില്ലെന്നും തുടർന്ന് സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. ജാഗ‌ിയും യുവാവും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. മരണം സംഭവിക്കുന്നതിനു രണ്ടു മാസം മുൻപാണ് ഇയാൾ എറണാകുളത്തേക്കു മടങ്ങിയത്. 

ജാഗ‌ിയും യുവാവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളോ തർക്കങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ടവർ ലൊക്കേഷൻപരിശോധിച്ചപ്പോൾ ഈ ദിവസങ്ങളിൽ ഇയാൾ തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നും വിവരം ലഭിച്ചിട്ടുണ്ട്.

പൊലീസ് വീട്ടിലെത്തുമ്പോൾ മുന്നിലെയും പിൻവശത്തെയും വാതിൽ തുറന്നു കിടക്കുകയായിരുന്നു.. പാചകത്തിനായി പച്ചക്കറികൾ അരിഞ്ഞു വച്ചിരുന്നു. തുണികൾ അലക്കി വിരിച്ചതായും അലക്കാൻ വാഷിങ് മെഷ്യനിൽ‌ ഇട്ടിരുന്നതായും കണ്ടെത്തിയിരുന്നു. 

ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസിനു വീഴ്ച്ച സംഭവിച്ചെന്നും ആക്ഷേപമുണ്ട്. മണിക്കൂറുകൾ മൃതദേഹം കിടന്നിട്ടും വിരലടയാളം ശേഖരിച്ചില്ല. ഫൊറൻസിക് സംഘമില്ലാതെ യുവതിയുടെ മുറി പൊലീസ് പരിശോധിച്ചതും വീഴ്ച്ചയാണെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടു ചെയ്തു.  പോസ്റ്റു മോർട്ടത്തിനു മൃതദേഹം കൊണ്ടു പോകുന്നതിനു തൊട്ടു മുൻപാണു വിരലടയാളം ശേഖരിച്ചത്. 

മോഡലിങ്ങിൽ സജീവമായിരുന്ന ജാഗി ചാനലുകളിലും യൂട്യൂബിലും പാചക പരിപാടികൾ അവതരിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.. ഏഴു വർഷം മുൻപ് വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. അമ്മ മാത്രമാണ് ജാഗ‌ിക്കൊപ്പം താമസിച്ചിരുന്നത്.