ലക്ഷങ്ങൾ വിലമതിക്കുന്ന ഊദ് നികുതി വെട്ടിച്ച് കടത്തി; അസം സ്വദേശി പിടിയിൽ

സുഗന്ധലേപന നിര്‍മാണത്തിന് ഉപയോഗിക്കുന്ന പതിനേഴ് കിലോ ഊദ് നികുതി വെട്ടിച്ച് കടത്തിയ അസം സ്വദേശി കൊച്ചിയില്‍ പിടിയില്‍. മരടിലെ കടയിലേക്ക് കൊണ്ടുവന്ന ഊദ് ആണ് ആര്‍.പി.എഫ്. പിടിച്ചെടുത്തത്. കിലോയ്ക്ക് ഒരു ലക്ഷം മുതല്‍ മൂന്നുലക്ഷം രൂപവരെയാണ് വിപണിയില്‍ ഊദിന്‍റെ വില. 

കേരളത്തില്‍ അത്ര പരിചിതമല്ലെങ്കിലും ഊദിന് കിലോയ്ക്ക് ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം. സുഗന്ധവ്യഞ്ജന നിര്‍മാണത്തിന് ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ് ഊദ്. വെറുതെ പുകച്ചാല്‍ പോലും നല്ല സുഗന്ധം ലഭിക്കും. 

നികുതി അടയ്ക്കാതെ ഊദ് കൊച്ചിയിലെ കടയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അസം സ്വദേശി മഷൂഖ് അഹമ്മദിനെ ആര്‍പിഎഫ് പിടികൂടിയത്. കൊച്ചി നോര്‍ത്ത് റയില്‍വേ സ്റ്റേഷന‍് സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. രണ്ട് ബാഗിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഊദ്. ഊദിന്‍റെ കഷണങ്ങള്‍ വാറ്റിയുണ്ടാക്കിയ 850 മില്ലിലീറ്റര്‍ ഓയിലും പിടികൂടി. നോര്‍ത്ത് സ്റ്റേഷന്‍ പരിസരത്ത് സംശയകരമായ നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്പെഷല്‍ സ്ക്വാഡാണ് മഷൂഖിനെ പിടികൂടിയത്. അസമില്‍നിന്ന് ട്രെയിനില്‍ ഇതിന് മുന്‍പും ഇത്തരത്തില്‍ ഊദ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നുവെങ്കിലും പിടിയിലാകുന്നത് ആദ്യമായാണ്.