മഹാരാജാസിൽ കെ‌എസ്‌യു പ്രവര്‍ത്തകന് ക്രൂരമർദനം; എസ്‌എഫ്‌ഐക്കാര്‍ക്കെതിരെ പരാതി

മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി അജാസിനെയാണ് ഇന്നലെ അര്‍ധരാത്രി കോളജ് ഹോസ്റ്റലിലും പുറത്തുംവച്ച് എസ്.എഫ്.ഐക്കാര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചത്. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എന്നാരോപിച്ചായിരുന്നു ആക്രമണം. അജാസിന് തലയിലും കഴുത്തിലും അജാസിന് പരുക്കുണ്ട്.

മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ബി.എ.മ്യൂസിക്ക് വിദ്യാര്‍ഥിയായ അജാസ് ഇന്നലെ രാത്രി 8 മണിക്കാണ്  കോളജ് ഹോസ്റ്റില്‍ സുഹൃത്തിനെ കാണാനായി എത്തിയത്. ഹോസ്റ്റലിന്റെ വരാന്തയില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന എസ്. എഫ്.ഐ പ്രവര്‍ത്തകര്‍ അജാസിനെ തടഞ്ഞെന്നും മര്‍ദ്ദിച്ചെന്നുമാണ് പരാതി.  ആദ്യം ഹോസ്റ്റല്‍ വരാന്തയില്‍ തന്നെയായിരുന്നു മര്‍ദ്ദനം. അവിടെ നിന്ന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അജാസിനെ എസ്.എഫ്.ഐക്കാര്‍ ബൈക്കിലെത്തി.

നടുറോഡിലിട്ട് മര്‍ദ്ദിച്ചു. തുർന്ന് ബലമായി ബൈക്കില്‍ കയറ്റി, ലോ കോളജ് ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. തുടര്‍ന്നും ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മഹാരാജസ് കോളജിലെ എസ്.എഫ്.ഐ നേതാവായ അര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നാണ് അരോപണം. വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയും എന്നും ഇവര്‍ അജാസിനെ ഭീഷണിപ്പെടുത്തി.