‘ഏത് സണ്‍സ്‌ക്രീനാണ് ഉപയോഗിക്കുന്നത്’; രാഹുലിനോട് കെ.എസ്.യു നേതാവ്; രസകരമായ മറുപടി

രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നിലവിൽ കർണാടകയിൽ പുരോഗമിക്കുകയാണ്. ഇതിനോടകം 1000 കിലോമീറ്ററുകൾ ഭാരത് ജോഡോ യാത്ര പിന്നിട്ടു കഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ഊർജസ്വലതയോടെ രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് അണികൾ പരിപൂർണ പിന്തുണയാണ് നൽകുന്നത്. 

യാത്രയ്ക്കിടയിലെ രസകരമായ സംഭവങ്ങളും സംഭാഷണങ്ങളുമെല്ലാം കോൺഗ്രസിന്റെ പേജുകൾ വരാറുണ്ട്. അത്തരത്തിലൊരും സംഭാഷണമിപ്പോൾ വൈറലായിരിക്കുകയാണ്. ചര്‍മ സംരക്ഷണത്തിന് ഏത് സണ്‍സ്‌ക്രീനാണ് ഉപയോഗിക്കുന്നത് എന്ന ചോദ്യവും അതിന് രാഹുൽ നൽകിയ മറുപടിയുമാണ് വിഡിയോയിലുള്ളത്. ചോദ്യം ചോദിച്ചതാകട്ടെ കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായ കല്ലമ്പലം നബീലാണ്.

'സണ്‍സ്‌ക്രീന്‍ എന്റെ അമ്മ എനിക്ക് അയച്ചു തന്നിട്ടുണ്ട്, എന്നാല്‍ ഞാനത് ഉപയോഗിക്കാറില്ല' എന്നാണ് രാഹുൽ ഗാന്ധി നബീലിന് നൽകിയ മറുപടി. യാത്രയിലെ അനുഭവങ്ങളെക്കുറിച്ച് കൂടെയുള്ളവരോട് രാഹുൽ കുശലം ചോദിക്കുന്നതും അതിന് ലഭിക്കുന്ന മറുപടികളുമെല്ലാം ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം പങ്കുവയ്ക്കപ്പെടുന്നുണ്ട്.