പ്രായപരിധി; കെ.എസ്.യു പുനഃസംഘടനയിൽ കലാപം

പ്രായപരിധി ലംഘിക്കാനുള്ള നീക്കത്തോടെ കെ.എസ്.യു പുനഃസംഘടനയിൽ കലാപം. പ്രായപരിധി പിന്നിട്ട അലോഷ്യസ് സേവ്യറിനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കമാൻഡിന് ഉൾപ്പെടെ പരാതി നൽകിയിരിക്കുകയാണ് ഒരു വിഭാഗം. ഒരാൾക്ക് മാത്രമായി ഇളവ് അനുവദിക്കരുതെന്നാണ് ആവശ്യം.

കെ.എസ്.യുവിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുനഃസംഘടന പൂർത്തിയാക്കാനാണ് കെ.പി.സി.സി നേതൃത്വം ശ്രമിക്കുന്നത്. കെ.എം.അഭിജിത്ത് രാജിവച്ചതോടെയാണ് പുനഃസംഘടന അനിവാര്യമായത്. 27 വയസ് എന്ന പ്രായപരിധി അട്ടിമറിക്കാൻ നേതൃത്വം ശ്രമിക്കുകയാണെന്ന് ആരോപിച്ച് നിലവിലെ ഭാരവാഹികൾ തന്നെ ദേശീയ നേതൃത്വത്തിനും കോൺഗ്രസ് ഹൈക്കമാൻഡിനും പരാതി നൽകിയതോടെ പുനഃസംഘടന വഴിമുട്ടി. 29 വയസുള്ള എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പേരിന് മുൻഗണന ലഭിച്ചതോടെയാണ് കലാപം തുടങ്ങിയത്. 

കഴിഞ്ഞ മൂന്നു ടേമുകളിലായി എ ഗ്രൂപ്പിന്റെ കൈയ്യിലാണ് കെ.എസ്.യു അധ്യക്ഷ സ്ഥാനം. ഏ ഗ്രൂപ്പുകാരനാണ് അലോഷ്യസ് എങ്കിലും നിലവിൽ വി.ഡി.സതീശന്റെ അടുപ്പക്കാരനാണ്. എ ഗ്രൂപ്പ് അലോഷ്യസിനെതിരെ തിരിയുന്നതിനും ഇതും കാരണമായിട്ടുണ്ട്. ഏ ഗ്രൂപ്പ് പകരം മുന്നോട്ടുവയ്ക്കുന്ന പേര് അമൽജോയിയുടെതാണ്. വയനാട് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ അമൽജോയിക്ക് എ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗത്തിന്റെ എതിർപ്പ് നിലനിൽക്കുന്നുമുണ്ട്. എ ഗ്രൂപ്പിൽ തർക്കം നിലനിൽക്കെ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റായ ഷമ്മാസിന് വേണ്ടി കെ.സുധാകരനും ചരടുവലി തുടങ്ങി.