കുമ്പളങ്ങിയിൽ തൊഴിലാളികളെ തല്ലിച്ചതച്ചു; പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിച്ചെന്ന് പരാതി

കൊച്ചി കുമ്പളങ്ങിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ തല്ലിച്ചതച്ച സിഐടിയുക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിനെതിരെ പരാതിക്കാര്‍ കോടതിയെ സമീപിച്ചു. വീടുകയറി ആക്രമിക്കുകയും മാരകമായി ഉപദ്രവിക്കുകയും ചെയ്തത് ദൃശ്യങ്ങള്‍ സഹിതം നല്‍കിയിട്ടും പൊലീസ് ഒത്തുകളിച്ചുവെന്നാണ് പരാതി. നിസാര തൊഴിൽ തർക്കത്തിന്റെ പേരിലായിരുന്നു കണ്ണിൽചോരയില്ലാത്ത അതിക്രമം. 

കൊച്ചി കുമ്പളങ്ങിയിലെ സിമന്റ് വ്യാപാരസ്ഥാപനമായ തോലാട്ട് ഏജന്‍സീസ് ഉടമ ജോര്‍ജ് ലിന്‍ഡന്‍ കുടുംബസമേതം താമസിക്കുന്ന വീടിന് പരിസരത്ത് ഇക്കഴിഞ്ഞ 26ന് രാത്രി നടന്നതാണ് ഇക്കാണുന്നത്. ലിന്‍ഡന്റെ സ്ഥാപനത്തിലെ ജീവനക്കാരായ അസംകാര്‍ യുവാക്കളാണ് ഇങ്ങനെ ക്രൂരമായി ആക്രമിക്കപ്പെടുന്നത്. അവരെ ഉപദ്രവിക്കുന്നതാകട്ടെ സ്ഥലത്തെ സിഐടിയു യൂണിയനില്‍പെട്ട ചുമട്ടുതൊഴിലാളികള്‍.

20 വയസുള്ള റോഷിദുള്‍ ഇസ്ലാം, 21കാരന്‍ ഫോറിദുള്‍ ഇസ്ലാം എന്നിവരാണ് ആക്രമണത്തിന് ഇരകളായത്. ലിന്‍‍ഡന്റെ ഭാര്യയും മകനും അടക്കം എല്ലാവരും താമസിക്കുന്ന വീട്ടിലാണ് ഈ അതിക്രമം നടന്നത്. പരാതിയില്‍ കേസെടുത്ത പൊലീസ് ദൃശ്യങ്ങളില്‍ ഉള്ളവരെ തിരിച്ചറിഞ്ഞു. കുമ്പളങ്ങി സ്വദേശികളായ തൈവച്ചിടത്ത് സതീഷ്, തെക്കുംകോവില്‍ സജീന്ദ്രന്‍ എന്നിവര്‍ അങ്ങനെ അറസ്റ്റിലായി. എന്നാല്‍ കേസില്‍ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രം. അതുകൊണ്ട് തന്നെ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങി. ഇതിനെതിരെയാണ് ലിന്‍ഡന്‍ കോടതിയെ സമീപിച്ചത്. 

ചുമട്ടുതൊഴിലാളികളുടെ കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നങ്ങളാണ് ഈ നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. അതുകൊണ്ട് തന്നെ പ്രതികള്‍ ഇനി തന്റെ സ്ഥാപനത്തിലോ വീടിന്റെ പരിസരങ്ങളിലോ പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.