നൗഷാദ് കൊലക്കേസ് സി.ബി.ഐയ്ക്കു വിടണമെന്ന് ആവശ്യം; ബന്ധുക്കള്‍ കോടതിയെ സമീപിക്കും

ചാവക്കാട് പുന്ന നൗഷാദ് കൊലക്കേസ് സി.ബി.ഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും. മുഴുവന്‍ കൊലയാളികളേയും പിടികൂടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണിത്. 

ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന നൗഷാദിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതുവരെ പതിമൂന്നു പ്രതികളെയാണ് പൊലീസ് പിടികൂടിയത്. ഇനിയും, പ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ ലോക്കല്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശപ്രകാരം കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. പക്ഷേ, ഈ ഉദ്യോഗസ്ഥരെ മറ്റു പല ഉത്തരവാദിത്വങ്ങളും കൊടുത്തതിനാല്‍ കേസ് അന്വേഷണം വേണ്ടരീതിയില്‍ നടന്നതുമില്ല. കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കി. പ്രതികള്‍ക്കു ജാമ്യവും കിട്ടി. കൊലക്കേസില്‍ പ്രതികള്‍ക്കു ഇത്ര വേഗം ജാമ്യം കിട്ടിയതിലും ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

നൗഷാദ് കൊലക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനാല്‍ ചാവക്കാട് പുന്ന മേഖലയില്‍ സംഘര്‍ഷ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. സി.ബിഐ. അന്വേഷണം വന്നാല്‍ കൂടുതല്‍ യഥാര്‍ഥ പ്രതികള്‍  പിടിക്കപ്പെടുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.